മുംബൈ; ഇന്ത്യയുടെ വികസന വേഗത്തിന്റെയും പുരോഗതിയുടെയും അടയാളമാണ് വന്ദേഭാരത് തീവണ്ടികൾ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈയിൽ രണ്ട് വന്ദേഭാരത് ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മുംബൈ- സായ്‌നഗർ ഷിർദി, മുംബൈ – സോലാപൂർ വന്ദേഭാരത് എന്നീ ട്രെയിനുകളാണ് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തത്. ഇതോടെ രാജ്യത്തെ വന്ദേഭാരത് എക്‌സ്പ്രസുകളുടെ എണ്ണം 10 ആയി.
പുതിയ തീവണ്ടികൾ വിദ്യാർത്ഥികൾക്കും ഓഫീസ് ജീവനക്കാർക്കും തീർത്ഥാടകർക്കും കർഷകർക്കും പ്രയോജനം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിനോദസഞ്ചാര മേഖലയ്ക്കും തീർത്ഥാടന മേഖലയ്ക്കും ഈ ട്രെയിനുകൾ ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ 17 സംസ്ഥാനങ്ങളിലെ 108 ജില്ലകളിൽ വന്ദേഭാരത് എക്‌സ്പ്രസുകൾ കണക്ട് ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്നത്തെ ആധുനീക ഇന്ത്യയുടെ പ്രൗഢ ചിത്രമാണ് വന്ദേഭാരത് എക്‌സ്പ്രസുകൾ. ഇന്ത്യയുടെ പുരോഗതിയും അതിന്റെ വേഗവുമാണ് വന്ദേഭാരത് പ്രതിഫലിപ്പിക്കുന്നത്. കൂടുതൽ എംപിമാർ ഇന്ന് അവരുടെ മണ്ഡലങ്ങളിൽ വന്ദേഭാരത് തീവണ്ടികൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുവരികയാണ്. അത്തരത്തിലുളള ഒരു ക്രെയ്‌സ് ആണ് വന്ദേഭാരത് എക്‌സ്പ്രസിനോട് രാജ്യത്ത്് ഉണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സാധാരണ സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ 7 മണിക്കൂറും 55 മിനിറ്റും എടുത്ത് സഞ്ചരിക്കുന്ന ദൂരം പുതിയ വന്ദേഭാരത് തീവണ്ടികൾ ആറര മണിക്കൂറിനുളളിൽ എത്തുമെന്ന് റെയിൽവേ അറിയിച്ചു. ഒന്നര മണിക്കൂറോളം യാത്രക്കാർക്ക് അവരുടെ സമയം ലാഭിക്കാം.








