തൊടുപുഴ: ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചർ ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനംവകുപ്പ് മന്ത്രി. ശക്തിവേലിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 15 ലക്ഷം രൂപയ്ക്ക് അർഹതയുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.
ഇതിൽ അഞ്ച് ലക്ഷം രൂപ നാളെ നൽകും. ബാക്കി അഞ്ച് ലക്ഷം രൂപ അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് കൈമാറും. അഞ്ച് ലക്ഷം രൂപ വനം വകുപ്പ് ഏർപ്പെടുത്തിയ ഇൻഷുറൻസിൽ നിന്നും നൽകുന്നതിനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയതായും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ആനകളുടെ സാന്നിധ്യം സംബന്ധിച്ച് പൊതുജനങ്ങൾക്ക് വിവരം നൽകുന്നതിന് ആനകളെ നിരീക്ഷിക്കാൻ പോയ വാച്ചർമാരുടെ സംഘത്തിൽ ഉൾപ്പെട്ട ആളായിരുന്നു കോഴിപ്പക്കുടി നിവാസി ശക്തിവേൽ. കാട്ടാനകളെ തന്ത്രപൂർവ്വം ജനവാസ മേഖലകളിൽ നിന്നും കാട്ടിലേക്ക് തിരിച്ചയക്കുന്നതിന് വിദഗ്ധനായ ദീർഘകാലത്തെ അനുഭവ പരിചയമുള്ള ഒരു വാച്ചറെയാണ് വനം വകുപ്പിന് നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. രണ്ട് മാസം മുൻപ് റോഡിൽ ഇറങ്ങിയ കാട്ടാനയെ ശക്തിവേൽ റോഡിൽ നിന്ന് കയറിപ്പോടാ എന്ന് പറഞ്ഞ് തിരിച്ചയയ്ക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.
ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ വെച്ചാണ് ശക്തിവേലിനെ കാട്ടാന ആക്രമിച്ചത്. രാവിലെയാണ് സംഭവം ഉണ്ടായതെന്നാണ് കരുതുന്നത്. ആനയിറങ്കൽ ഭാഗത്ത് കാട്ടാനയുടെ ആക്രമണം തടയാനുളള ചുമതലയിലായിരുന്നു ശക്തിവേൽ.
Discussion about this post