ഇൻഡോർ: രാജ്യത്തെ നിലവിലുള്ള വികസിത നഗരങ്ങളിലെ ജനസംഖ്യാ ഭാരം ലഘൂകരിക്കുന്നതിനായി എട്ട് പുതിയ നഗരങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതി കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ. 15 ാമത് ധനകാര്യ കമ്മീഷൻ റിപ്പോർട്ടിലാണ് പുതിയ നഗരങ്ങൾ നിർമ്മിക്കണമെന്ന നിർദ്ദേശം ഉണ്ടായതെന്ന് നഗരഭവന വികസനകാര്യവകുപ്പ് ജി 20 യൂണിറ്റ് ഡയറക്ടർ എം.ബി. സിങ് പറഞ്ഞു.
പുതുതായി സ്ഥാപിക്കുന്ന നഗരങ്ങളേതെന്ന് കേന്ദ്രം അതികം വൈകാതെ തന്നെ പ്രഖ്യാപിക്കും. പദ്ധതിക്കായി ചെലവഴിക്കുന്ന തുകയെ കുറിച്ചുള്ള അന്തിമരൂപമായിട്ടില്ല. കേന്ദ്രമാണ് പദ്ധതിയിൽ പ്രധാനപങ്ക് വഹിക്കുക. 8000 കോടിയാണ് പദ്ധതിച്ചിലവെന്ന് നേരെത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
ധനകാര്യകമ്മീഷൻ റിപ്പോർട്ടിനുശേഷം 26 നഗരങ്ങളുടെ പട്ടിക സംസ്ഥാനങ്ങൾ കേന്ദ്രത്തിന് നൽകി. അതിൽനിന്ന് തിരഞ്ഞെടുത്ത എട്ട് നഗരങ്ങളാണ് വികസനത്തിനായി പരിഗണിക്കുക. പുതുതായി സൃഷ്ടിക്കുന്ന ഓരോ നഗരത്തിലും 5000ൽ കൂടുതൽ ജനസംഖ്യയുണ്ടാവും. സ്‌ക്വയർ കിലോ മീറ്ററിന് 400 എന്നതായിരിക്കും ജനസാന്ദ്രത. കൃഷി അല്ലാതെ മറ്റ് മേഖലകളിൽ തൊഴിലെടുക്കുന്നവരായിരിക്കും നഗരവാസികളിൽ ഭൂരിപക്ഷവും.
അയോദ്ധ്യ (ഉത്തർപ്രദേശ്), ജാഗിറോഡ് (ആസാം), ന്യൂ MOPA ആയുഷ് സിറ്റി, പെർനെം (ഗോവ), GIFT നഗര വിപുലീകരണം (ഗുജറാത്ത്), പാക്യോങ് (സിക്കിം), തിരുമഴിസായ് (തമിഴ്‌നാട്), ബന്തല ഗ്രീൻഫീൽഡ് സിറ്റി, കർമാദിഗന്ത (പശ്ചിമ ബംഗാൾ), ജബൽപൂർ വിപുലീകരണം (മധ്യപ്രദേശ്), വിരുൾ (മഹാരാഷ്ട്ര), എയ്റോസിറ്റി (കേരളം), ന്യൂ റാഞ്ചി സിറ്റി (ജാർഖണ്ഡ്), മൗണ്ടൻ ടൗൺഷിപ്പ് (ഹിമാചൽ പ്രദേശ്), ഗുരുഗ്രാം (ഹരിയാന), കോപ്പർതയ് (ആന്ധ്രാപ്രദേശ്), ഗുമിൻ നഗർ, പാസിഘട്ട് (അരുണാചൽ പ്രദേശ്) , ഭുവനേശ്വർ (ഒഡീഷ), എയ്റോട്രോപോളിസ് (പഞ്ചാബ്), ജിഎഫ്സി-റാൻപൂർ (രാജസ്ഥാൻ), നാഗാക്കി ഗ്ലോബൽ സിറ്റി (നാഗാലാൻഡ്), യൈതിബിലോകുൽ (മണിപ്പൂർ), ഡോയ്വാല (ഉത്തരാഖണ്ഡ്). എന്നിങ്ങനെയാണ് നിർദ്ദേശങ്ങളിൽ വന്ന ചില നഗരങ്ങളുടെ പേരുകൾ.
Discussion about this post