ബെഗാൽകോട്ട്: 91 തവണ കോൺഗ്രസ് തന്നെ അവഹേളിച്ചിട്ടുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിന് മറുപടിയുമായി പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്ര. കർണാടകയിൽ ബെഗാൽകോട്ട് ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു പ്രിയങ്കയുടെ മറുപടി. പ്രധാനമന്ത്രിയുടെ ഓഫീസിൽ അദ്ദേഹത്തെ ആരൊക്കെ എത്ര തവണ അവഹേളിക്കുന്നുവെന്ന കണക്കെടുക്കാൻ ആരോ ഉണ്ടെന്ന് പറഞ്ഞ പ്രിയങ്ക സഹോദരൻ രാഹുലിനെ കണ്ടുപഠിക്കാനും പ്രധാനമന്ത്രിയെ ഉപദേശിച്ചു.
“ധൈര്യം വേണം മോദിജീ, എന്റെ സഹോദരൻ രാഹുലിനെ കണ്ടുപഠിക്കൂ, രാജ്യത്തിന് വേണ്ടി വെടിയുണ്ടകൾ ഏറ്റുവാങ്ങാനും തയ്യാറാണെന്നാണ് എന്റെ സഹോദരൻ പറയുന്നത്. നിങ്ങൾ അവഹേളിച്ചാലും വെടിവെച്ചാലും കത്തി കൊണ്ട് കുത്തിയാലും എന്റെ സഹോദരൻ സത്യത്തിന് വേണ്ടിയാണ് നിലകൊളളുന്നത് എന്നാണ് പറയുന്നത്.
പേടിക്കരുത് മോദിജീ, ഇത് പൊതുജീവിതമാണ്, അങ്ങനെയുളള ഒരാൾക്ക് ഇത്തരം പ്രശ്‌നങ്ങൾ നേരിടേണ്ടി വരും, മുന്നോട്ട് നീങ്ങാനുളള ധൈര്യമാണ് വേണ്ടത്” ഇങ്ങനെ പോകുന്നു പ്രിയങ്കയുടെ ഉപദേശങ്ങൾ.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വിഷപ്പാമ്പ് പരാമർശത്തിന് മറുപടി പറയവേയാണ് കോൺഗ്രസ് തന്നെ 91 തവണ അവഹേളിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞത്. താൻ നിരവധി പ്രധാനമന്ത്രിമാരെ കണ്ടിട്ടുണ്ടെന്നും ഇന്ദിരാഗാന്ധിയും തന്റെ പിതാവ് രാജീവ് ഗാന്ധിയും രാജ്യത്തിന് വേണ്ടി വെടിയുണ്ടകൾ ഏറ്റുവാങ്ങിയവരാണെന്നും നരസിംഹ റാവുവും മൻമോഹൻ സിങ്ങും രാജ്യത്തിന് വേണ്ടി കഠിനാധ്വാനം ചെയ്തവരാണെന്നും പക്ഷെ നരേന്ദ്രമോദി സ്വന്തം പ്രശ്‌നങ്ങൾ പറഞ്ഞ് ജനങ്ങളുടെ മുൻപിൽ കരയുകയാണെന്നും പറഞ്ഞുകൊണ്ടായിരുന്നു പ്രിയങ്കയുടെ ഉപദേശം.
Discussion about this post