ന്യൂഡൽഹി: ഇന്ത്യയെ വിദേശമണ്ണിൽ അപകീർത്തിപ്പെടുത്താൻ രാഹുൽ കരാർ എടുത്തിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. രാഹുലിന്റെ ഭാഷയും ചിന്തയും പ്രവർത്തനശൈലിയും സംശയകരമാണെന്നും അദ്ദേഹം പറഞ്ഞു. യുകെ സന്ദർശനത്തിനിടെ കേംബ്രിഡ്ജ് സർവ്വകലാശാലയിലടക്കം നടത്തിയ പ്രസംഗങ്ങളിൽ ഇന്ത്യയെ താറടിച്ചുകാണിക്കുന്ന രാഹുലിന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അനുരാഗ് ഠാക്കൂർ.
ഇത്തരം പ്രവൃത്തികൾ രാഹുൽ വീണ്ടും വീണ്ടും ആവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അനുരാഗ് ഠാക്കൂർ കുറ്റപ്പെടുത്തി. നമ്മുടെ സൈനികർ വീരമൃത്യു വരിച്ചപ്പോൾ രാഹുൽ പറഞ്ഞത് ഏതാനും പേർ കാർ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു എന്നാണ്. ഇന്ത്യയെ അപകീർത്തിപ്പെടുത്താനുളള ഒരു അവസരം പോലും രാഹുൽ പാഴാക്കി കളയുന്നില്ലെന്നും അനുരാഗ് ഠാക്കൂർ ചൂണ്ടിക്കാട്ടി.
രാഹുലിന്റെ വീഴ്ചകൾ ഒളിച്ചുവെയ്ക്കാനുളള തന്ത്രമാണിത്. ആസൂത്രിതമായിട്ടാണ് വിദേശമണ്ണിൽ അദ്ദേഹം ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നതെന്നും അനുരാഗ് ഠാക്കൂർ ആരോപിച്ചു. കേംബ്രിഡ്ജ് സർവ്വകലാശാലയിലെ പ്രസംഗത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവേ ഇന്ത്യയിൽ സ്ത്രീകൾക്കെതിരെ അക്രമം നടക്കുന്നുണ്ടെന്നും അത് മൂടിവെക്കുകയാണെന്നും രാഹുൽ ആരോപിച്ചിരുന്നു.
പാർലമെന്റിനെയും ഇന്ത്യൻ ജുഡീഷ്യറിയെയും രാഹുൽ അധിക്ഷേപിച്ചതും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. രാഹുലിന്റെ പ്രവൃത്തിക്കെതിരെ ബിജെപി കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു. വിദേശരാജ്യങ്ങൾ ഇന്ത്യയെ മുൻപത്തെക്കാൾ കൂടുതൽ അംഗീകരിക്കുന്ന ഘട്ടത്തിലാണ് രാഹുലിന്റെ വാക്കുകളെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.








