തൃശ്ശൂർ: അതിരപ്പള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ നിർദ്ദേശം. ഇവിടെയെത്തിയ വിദ്യാർത്ഥികൾക്ക് എലിപ്പനി ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകിയത്.
പാർക്കിൽ കുളിച്ച എറണാകുളത്ത് നിന്നും എത്തിയ രണ്ട് വിദ്യാർത്ഥികൾക്കാണ് എലിപ്പനി ബാധിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പാർക്കിലെത്തി ആരോഗ്യവിഭാഗം പരിശോധന നടത്തിയിരുന്നു. തൃശ്ശൂർ ഡെപ്യൂട്ടി സിഎംഒയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇവിടുത്തെ വെള്ളത്തിന്റെ സാമ്പിൾ ഉൾപ്പെടെ ശേഖരിച്ച് മടങ്ങിയിരുന്നു.
എലിപ്പനിയുടെ സ്രോതസ്സ് കണ്ടുപിടിക്കുന്നതിന് വേണ്ടിയാണ് പരിശോധന. ഇത് കണ്ടെത്തുന്നതുവരെ പാർക്ക് അടച്ചിടാനാണ് നിർദ്ദേശം. 17 ന് ശേഷം പാർക്ക് സന്ദർശിച്ച് മടങ്ങിയവർക്ക് എലിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തിൽ ഇവിടെയെത്തിയ മുഴുവൻ ആളുകളുടെയും വിവരങ്ങൾ ശേഖരിക്കും. ഗൂഗിൾ ഫോം വഴിയാണ് സന്ദർശകരുടെ വിവരങ്ങൾ ശേഖരിക്കുന്നത്. അതേസമയം സംഭവത്തിൽ കഴിഞ്ഞ ദിവസം ഡിഎംഒ റിപ്പോർട്ട് തേടിയിരുന്നു.











