ഒട്ടാവ: കാനഡയിൽ വീണ്ടും ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഓൺടാരിയോ പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്. വിൻഡ്‌സർ സിറ്റിയിലെ സ്വാമിനാരായൺ ക്ഷേത്രമാണ് ആക്രമിക്കപ്പെട്ടത്. ക്ഷേത്രത്തിന്റെ ചുവരുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഭാരതത്തെയും അപകീർത്തിപ്പെടുത്തുന്ന ചുവരെഴുത്തുകൾ കാണാം. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഓൺടാരിയോയിലെ വിൻഡ്‌സർ സിറ്റി പോലീസ് വ്യക്തമാക്കി. രണ്ട് പേരെ സംശയിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. അക്രമത്തിൽ ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ശക്തമായ പ്രതിഷേധമറിയിച്ചു.
ക്ഷേത്രത്തിന്റ പുറം ഭിത്തിയിലാണ് കറുത്ത മഷി സ്േ്രപ ചെയ്ത് ചുവരെഴുത്ത് നടത്തിയത്. ഹിന്ദുസ്ഥാൻ മൂർദാബാദ് എന്നും നരേന്ദ്രമോദി ഭീകരവാദിയാണെന്നും ഉൾപ്പെടെയുളള വാചകങ്ങളാണ് ചുവരുകളിൽ എഴുതി വെച്ചിരിക്കുന്നത്. വിദ്വേഷ പ്രവൃത്തിയാണ് ഉണ്ടായിരിക്കുന്നതെന്ന് വിൻഡ്‌സർ പോലീസ് പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി വീഡിയോ ദൃശ്യങ്ങൾ ശേഖരിച്ചുവെന്നും പുലർച്ചെ 12 ന് ശേഷമുളള ദൃശ്യങ്ങളിൽ കൃത്യം നടത്തിയ രണ്ട് പേരെ കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഒരാളാണ് അക്രമം നടത്തുന്നത്. മറ്റൊരാൾ കണ്ടു നിൽക്കുകയായിരുന്നു. കറുത്ത സ്വെറ്ററും കറുത്ത പാന്റ്‌സുമിട്ടാണ് അക്രമികൾ എത്തിയതെന്നും പോലീസ് പറഞ്ഞു.
ജനുവരിയിൽ ബ്രാംപ്ടണിലെ ഗൗരിശങ്കര ക്ഷേത്രവും സമാനമായ രീതിയിൽ ആക്രമിക്കപ്പെട്ടിരുന്നു. ഇന്ത്യൻ സമൂഹത്തിൽ നിന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.
Discussion about this post