ന്യൂഡൽഹി: ചൈനീസ് പ്രതിരോധമന്ത്രി ലി ഷാങ്ഫു ഇന്ത്യൻ സന്ദർശനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഷാങ്ഹായ് കേ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ പ്രതിരോധമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് ലി ഷാങ്ഫു ഇന്ത്യിലെത്തുന്നത്. ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ആതിഥേയത്വം വഹിക്കുന്ന പരിപാടിയിൽ റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയിഗുവും പങ്കെടുക്കും. ഏപ്രിൽ 27,28 തീയതികളിൽ ഡൽഹിയിൽ വച്ചാണ് ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ യോഗം നടക്കുന്നത്.
ഗാൽവാൻ സംഭവത്തിന് ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രതിരോധ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഗാൽവാൻ അതിർത്തിയിൽ ചൈനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 20 സൈനികരെയാണ്.ഇന്ത്യയുടെ വടക്കൻ അതിർത്തികളിൽ ചൈനയുമായുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ ലി ഷാങ്ഫു ഇന്ത്യയിലെത്തുന്നത് വലിയ പ്രധാന്യമുള്ളതാണ്.
ചൈന, ഇന്ത്യ, റഷ്യ, പാകിസ്താൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നിവയുൾപ്പെടെ എട്ട് അംഗരാജ്യങ്ങളെ ഉൾക്കൊള്ളുന്ന ഒരു പ്രാദേശിക അന്തർ-സർക്കാർ സംഘടനയാണ് ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ.








