അമേരിക്കന്‍ ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിനെതിരേ അന്വേഷണം ആരംഭിച്ച് ഇന്ത്യ. ഈ സ്ഥാപനം വിസ നിയമങ്ങള്‍ ലംഘിച്ചുവെന്നും വംശീയ വിവേചനം നടത്തിയെന്നുമായ ആരോപണങ്ങളിലാണ് അന്വേഷണം നടത്തുന്നത്. 2020ല്‍ കമ്പനി വിട്ട നെറ്റ്ഫ്ളിക്സിന്റെ മുന്‍ ബിസിനസ് ആന്‍ഡ് ലീഗല്‍ അഫയേഴ്സ് ഡയറക്ടര്‍ നന്ദിനി മെഹ്തയാണ് ഇത് സംബന്ധിച്ച ആരോപണങ്ങള്‍ ഉന്നയിച്ചത്. മെഹ്തയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അയച്ച ഇമെയില്‍ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
നെറ്റ്ഫ്ളിക്സിന്റെ ഇന്ത്യയിലെ ബിസിനസുമായി ബന്ധപ്പെട്ട് വിസ, നികുതി ലംഘനം എന്നിവസംബന്ധിച്ച അന്വേഷണമാണ് നടക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസിലെ(എഫ്ആര്‍ആര്‍ഒ) ഉദ്യോഗസ്ഥനായ ദീപക് യാദവ് മെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്.
”നെറ്റ്ഫ്ളിക്സിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം, വിസ ലംഘനം, നിയമവിരുദ്ധമായ ഘടനകള്‍, നികുതി വെട്ടിപ്പ്, ഇന്ത്യയിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നടക്കുന്ന വംശീയപരമായ വിവേചനം എന്നിവ സംബന്ധിച്ച് ഞങ്ങള്‍ക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ട്,” ഇമെയില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അധികാരികള്‍ തങ്ങളുടെ കണ്ടെത്തലുകള്‍ പരസ്യപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും നന്ദിനി മെഹ്ത കൂട്ടിച്ചേര്‍ത്തു.മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തനിക്ക് അനുമതി ഇല്ലെന്നും അവര്‍ വ്യക്തമാക്കി. എഫ്ആര്‍ആര്‍ഒയും ഇന്ത്യയുടെ ആഭ്യന്തരമന്ത്രാലയവും റോയിട്ടേഴ്സിന്റെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തെക്കുറിച്ച് കമ്പനിക്ക് അറിയില്ലെന്ന് നെറ്റ്ഫ്ളിക്സ് വക്താവ് പറഞ്ഞു.
ഏകദേശം 10 ലക്ഷത്തോളം ഉപയോക്താക്കളാണ് നെറ്റ്ഫ്ളിക്സിന് ഇന്ത്യയില്‍ ഉള്ളത്. വര്‍ഷങ്ങളായി ബോളിവുഡ് താരങ്ങളെ ഉള്‍പ്പെടുത്തി നിരവധി പ്രാദേശിക കണ്ടന്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇവയില്‍ ചിലതിന്റെ ഉള്ളടക്കങ്ങള്‍ രാജ്യത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു.
Discussion about this post