പ്രതിരോധരംഗത്തുള്‍പ്പെടെ വന്‍ സാധ്യതകളുളള ഒന്നായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ)മാറിക്കഴിഞ്ഞു. നിരവധി ലോകരാജ്യങ്ങളാണ് ഈ മേഖലയുടെ അനന്തസാധ്യതകളെക്കുറിച്ച് ആരായുന്നത്. ഇപ്പോഴിതാ എഐ മേഖലയില്‍ വന്‍ നിക്ഷേപം നടത്താനൊരുങ്ങുകയാണ് ഇസ്രായേല്‍ (Israel). എഐ മേഖലയിലെ ഗവേഷണത്തിനും വികസനത്തിനുമായി 995.48 കോടി രൂപ (ഏകദേശം 133 മില്യണ്‍ യുഎസ് ഡോളര്‍) ഇസ്രായേല്‍ നീക്കിവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇതിന് വേണ്ടി സര്‍ക്കാര്‍ മന്ത്രാലയങ്ങളെയും പ്രാദേശിക അധികാരികളെയും പിന്തുണയ്ക്കുന്നതിനായി ഒരു വിജ്ഞാന കേന്ദ്രം സൃഷ്ടിക്കുമെന്നറിയിച്ചിട്ടുണ്ട്, ഒപ്പം തന്നെ പൊതുമേഖലയിലെ എഐ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് നിക്ഷേപം നടത്തുമെന്നും ഇസ്രായേല്‍ ഇന്നൊവേഷന്‍ അതോറിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
കൂടാതെ ഒരു ദേശീയ എഐ ഗവേഷണ സ്ഥാപനം സ്ഥാപിക്കുന്നതിനും അതോറിറ്റി പിന്തുണ നല്‍കുമെന്നും വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനുപുറമേ സൈന്യത്തിനുള്ളില്‍ പ്രത്യേക എഐ പരിശീലന പരിപാടികള്‍ വികസിപ്പിച്ച് അന്താരാഷ്ട്ര വിദഗ്ധരെ ഇസ്രായേലിലേക്ക് ആകര്‍ഷിക്കുന്നതിലൂടെ മനുഷ്യ മൂലധനം ശക്തിപ്പെടുന്നതിനായും ഇസ്രായേല്‍ ലക്ഷ്യമിടുന്നുണ്ട്. അതോടൊപ്പം എഐ മേഖലയിലുള്ള മികച്ച ഗവേഷണം ഉറപ്പാക്കുന്നതിന് വിപുലമായ ഡിഗ്രി സ്‌കോളര്‍ഷിപ്പുകള്‍ വാഗ്ദാനം ചെയ്യാനും അതോറിറ്റി പദ്ധതിയിടുന്നുണ്ട്.
Discussion about this post