തലശ്ശേരി: വിഷു ദിനത്തിൽ ബിജെപി നേതാക്കളുടെ വീടുകളിലെത്തിയ ക്രീസ്തീയ സഭാ പുരോഹിതരെ ആക്ഷേപിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. യാചകൻമാർ എത്രപേർ വീട് കയറുന്നുവെന്ന് ആയിരുന്നു സുധാകരന്റെ ഉപമ. തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവേയാണ് കെ സുധാകരന്റെ വിവാദ പരാമർശം.
ഇന്ന് തന്റെ വീട്ടിൽ ഒരു പത്ത് അറുപത് ആള് വന്നിട്ടുണ്ട്. അതുകൊണ്ട് അവരെല്ലാം എന്റെ പാർട്ടിയാകുമോ ഇല്ലല്ലോ?. അവർക്ക് ഞാൻ പൈസയും കൊടുത്തിട്ടുണ്ട്. അതുകൊണ്ട് അവരെല്ലാം എന്റെ പാർട്ടിയാകുമോ? വിഷു കൈനീട്ടം വാങ്ങാൻ ആരും വരും. ഇങ്ങനെയായിരുന്നു സുധാകരന്റെ പ്രതികരണം. ഇങ്ങനെ വരുന്നവരുമായി ഒരു അടുപ്പവും ഇല്ലെന്നും അപമാനവും പുശ്ചവുമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. വരുന്ന ആളുകളോടും കൈ നീട്ടുന്ന ആളുകളോടും പുശ്ചമാണ്.
ഈസ്റ്റർ ദിനത്തിൽ ബിജെപി നേതാക്കൾ നടത്തിയ സ്‌നേഹവിരുന്നിനും സന്ദർശനത്തിന്റെയും തുടർച്ചയായി ക്രൈസ്തവ പുരോഹിതർ ബിജെപി നേതാക്കളുടെ വീടുകളിൽ വിഷുദിനത്തിൽ സന്ദർശനം നടത്തിയിരുന്നു. തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷിന്റെ വീട്ടിൽ സിറോ മലങ്കര സഭാ പ്രതിനിധികളായ ഫാ. വർക്കി ആറ്റുപുറം, ഫാ. ജോസഫ് വെൺമാനത്ത് എന്നിവരാണ് എത്തിയത്. മലങ്കര ഓർത്തഡോക്സ് സഭ കുന്നംകുളം ഭദ്രാസന മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ് ആണ് ബിജെപി മദ്ധ്യമേഖലാ പ്രസിഡന്റ് എൻ ഹരിയുടെ വീട്ടിലെത്തി വിഷു ആഘോഷത്തിൽ പങ്കുചേർന്നിരുന്നു. ഈ പുരോഹിതൻമാരെയാണ് യാചകർ എന്ന് വിളിച്ച് സുധാകരൻ ആക്ഷേപിച്ചത്.
ഈസ്റ്റർ ദിനത്തിൽ ബിജെപി ക്രൈസ്തവ സമൂഹവുമായി നടത്തിയ സമ്പർക്കത്തിന് പിന്നാലെയാണ് കെ സുധാകരൻ തലശ്ശേരി ബിഷപ്പ് ഹൗസിൽ എത്തിയത്. ജോസഫ് പാംപ്ലാനിയെ വർഷങ്ങളായി അറിയുന്ന ആളാണ് താനെന്നും ബിഷപ്പ് ആകുന്നതിന് മുൻപ് ജ്യേഷ്ഠ സഹോദരനെപ്പോലെ വിശ്വസിച്ചും സ്‌നേഹിച്ചും വളർന്നുവന്നവരാണെന്നും അദ്ദേഹവുമായി അഭേദ്യമായ ബന്ധമുണ്ടെന്നും സുധാകരൻ അവകാശപ്പെട്ടു. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുമായും തനിക്ക് നല്ല ബന്ധമാണെന്നും ഇടയ്ക്കിടെ ആലഞ്ചേരി പിതാവിനെ കാണാൻ പോകുന്ന ഒരാളാണ് താനെന്നും ചങ്ങനാശേരി പിതാവുമായും നല്ല ബന്ധമാണെന്നും സുധാകരൻ പറഞ്ഞു. എന്നാൽ കൂടിക്കാഴ്ചയെക്കുറിച്ച് മാർ ജോസഫ് പാംപ്ലാനി പ്രതികരിച്ചില്ല.
ഇരിക്കൂർ എംഎൽഎ സജിവ് ജോസഫ്, പേരാവൂർ എംഎൽഎ സണ്ണി ജോസഫ്, കണ്ണൂർ ഡിസിസി അദ്ധ്യക്ഷൻ മാർട്ടിൻ ജോർജ്ജ്, കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ സുധാകരന് ഒപ്പം ഉണ്ടായിരുന്നു.
Discussion about this post