ന്യൂഡല്‍ഹി: എസിയുടെ ഔട്ട്‌ഡോര്‍ യൂണിറ്റ് തലയില്‍ വീണ് 18 കാരന്‍ മരിച്ചതില്‍ കുരങ്ങുകളെ കുറ്റപ്പെടുത്തി കെട്ടിട ഉടമ. നിരന്തരമായി കുരങ്ങുകള്‍ ഈ പ്രദേശത്ത് വിഹരിക്കാറുണ്ടെന്നും അവ അവിടെയുള്ളവര്‍ക്ക് വലിയ ഭീഷണിയാണെന്നും മൂന്ന് നില കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ താമസിക്കുന്ന ഉടമ ഡോറി വാല പറഞ്ഞു. ”കുട്ടികള്‍ റോഡില്‍ നില്‍ക്കുകയായിരുന്നു, അപ്പോള്‍ കുരങ്ങുകള്‍ വന്ന് എസിയില്‍ തൂങ്ങിയിരിക്കാം,” അവര്‍ പറഞ്ഞു.
ഉടമയുടെ 18 വയസുള്ള മകന്‍ മരിച്ച ജിതേഷിന്റെയും പരുക്കേറ്റ പ്രന്‍ഷുവിന്റെയും സുഹൃത്താണ്. കൂട്ടുകാരനെ കാണാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. കെട്ടിട ഉടമയ്ക്കെതിരെ ബിഎന്‍എസിന്റെ സെക്ഷന്‍ 106 (അശ്രദ്ധമൂലമുള്ള മരണം) പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ട് 6.45 ഓടെയാണ് എവരെയും ഞെട്ടിച്ച അപകടമുണ്ടായത്. ജിതേഷും പ്രന്‍ഷുവും കെട്ടിടത്തിനു താഴെയായി സംസാരിച്ചു നില്‍ക്കുകയായിരുന്നു. ജിതേഷ് സ്‌കൂട്ടറിനു പുറത്ത് ഇരിക്കുകയായിരുന്നു. പെട്ടെന്ന് എസിയുടെ ഔട്ട്‌ഡോര്‍ യൂണിറ്റ് ജിതേഷിന്റെ തലയിലേക്ക് വീഴുകയായിരുന്നു.
ജീതേഷിനു സമീപത്തുനിന്ന പ്രന്‍ഷുവിനും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. പ്രന്‍ഷു അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്
Discussion about this post