ഖാർത്തൂം: ഓപ്പറേഷൻ കാവേരി ദൗത്യത്തിന്റെ ഭാഗമായി സുഡാനിൽ നിന്നുള്ള ഇന്ത്യക്കാരുടെ മൂന്നാമത്തെ സംഘം ജിദ്ദയിൽ എത്തി. 135 പേരുടെ സംഘമാണ് വ്യോമസേനാ വിമാനത്തിൽ ജിദ്ദയിൽ എത്തിയത്. ഇവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകിവരികയാണെന്ന് അധികൃതർ അറിയിച്ചു.
രാവിലെ 6 മണിയോടെയാണ് മൂന്നാമത്തെ സംഘത്തെ എത്തിച്ചത്. ഐഎഎഫിന്റെ സി-130ജെ വിമാനത്തിലായിരുന്നു രക്ഷാ ദൗത്യം. ജിദ്ദയിൽ വിമാനം ഇറങ്ങിയവരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ സ്വാഗതം ചെയ്തു. ഇവരെ ഉടൻ ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. പുർച്ചെ 4.30 ഓടെയായിരുന്നു മൂന്നാമത്തെ സംഘം ജിദ്ദയിൽ നിന്നും പുറപ്പെട്ടത്.
പുലർച്ചെ അഞ്ച് മണിയോടെ വിമാനത്തിൽ രണ്ടാമത്തെ സംഘത്തെയും ജിദ്ദ വിമാനത്താവളത്തിൽ എത്തിച്ചിരുന്നു. ഇതിൽ 121 പേരായിരുന്നു ഉണ്ടായിരുന്നത്. ആദ്യ ബാച്ചിൽ 278 പേരാണ് ഉണ്ടായിരുന്നത്. ഇവരെ ഐഎൻഎസ് സുമേധയിലായിരുന്നു ജിദ്ദയിൽ എത്തിച്ചത്. ഇതിൽ 16 പേർ മലയാളികളാണ്. ഇന്ത്യക്കാരെ പൂർണമായി സുരക്ഷിതരാക്കുന്നതുവരെ ഓപ്പറേഷൻ കാവേരി തുടരം. മൂവായിരം ഇന്ത്യക്കാരാണ് സുഡാനിൽ ഉള്ളതെന്നാണ് വിവരം. ഇതിൽ 800 പേരെയാണ് ആദ്യ ഘട്ടത്തിൽ ഒഴിപ്പിക്കുന്നത്.








