ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചതെന്ന് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി. നരേന്ദ്രമോദി അഴിമതിക്കാരനല്ലെന്ന് ഇന്ത്യയിലെ എല്ലാവർക്കും അറിയാം. അദ്ദേഹം അഴിമതിക്കാരനെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അത്തരം പ്രചാരണങ്ങൾ കോൺഗ്രസ് ഇപ്പോഴും തുടരുകയാണെന്ന് അനിൽ ആന്റണി ചൂണ്ടിക്കാട്ടി. ബിജെപിയിൽ ചേർന്ന ശേഷം പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനൊപ്പം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2017 മുതലാണ് കോൺഗ്രസിൽ താൻ സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയത്. 2019 തിരഞ്ഞെടുപ്പിന് മുൻപുളള ഒരു വർഷക്കാലം കോൺഗ്രസ് ഉയർത്തിയ ക്യാമ്പെയ്ൻ റഫേൽ അഴിമതി മാത്രമായിരുന്നു. മറ്റൊന്നും അവർക്ക് ഉയർത്തിക്കാണിക്കാൻ ഉണ്ടായിരുന്നില്ല. ഇന്ത്യയിൽ നരേന്ദ്രമോദി എന്ന ഒരു രാഷ്ട്രീയക്കാരൻ അഴിമതിക്കാരനല്ല. അദ്ദേഹം അഴിമതിക്കാരനാണെന്ന് പറഞ്ഞാൽ ഒരു മനുഷ്യനും വിശ്വസിക്കില്ല. ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നിട്ടും കോൺഗ്രസ് അത് ആവർത്തിച്ചുകൊണ്ടിരുന്നു.
ഇത് പഴയ കോൺഗ്രസ് പാർട്ടിയല്ല. രണ്ടോ മൂന്നോ വ്യക്തികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയായി മാറി. കോൺഗ്രസുമായോ ഇന്ത്യയിലെ മറ്റേതൊരു രാഷ്ട്രീയ പാർട്ടിയുമായോ താരതമ്യം ചെയ്യുമ്പോൾ മോദിയെപ്പോലെ വ്യക്തിപ്രഭാവമുളളതും ജനകീയനുമായ മറ്റൊരു നേതാവും ഇന്ത്യയിൽ ഇല്ലെന്നും അനിൽ ആന്റണി പറഞ്ഞു.
അടുത്തിടെ പുറത്തുവന്ന സർവ്വെയിൽ യുഎസ് പ്രസിഡന്റിനെയും ചൈനീസ് പ്രസിഡന്റിനെക്കാളും യൂറോപ്പിലെ നേതാക്കളെക്കാളും ജനപ്രിയത അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും അനിൽ ആന്റണി ചൂണ്ടിക്കാട്ടി. ബിജെപി നേതാക്കൾ രാഷ്ട്രത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കാൻ ഇതിനെക്കാൾ നല്ല ഒരു പ്ലാറ്റ്‌ഫോം ഉണ്ടെന്ന് തോന്നുന്നില്ലെന്നും അനിൽ കൂട്ടിച്ചേർത്തു.









