ന്യൂഡൽഹി: രാജ്യത്ത് 2,000 രൂപയുടെ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ പുതിയ സർക്കുലർ പുറത്തിറക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 2,000 രൂപ നോട്ട് മാറി ലഭിക്കാൻ ഫോം പൂരിപ്പിക്കലിന്റെയോ, തിരിച്ചറിയൽ രേഖയുടെയോ ആവശ്യമില്ലെന്ന് എസ്ബിഐ വ്യക്തമാക്കി. ഉപയോക്താക്കൾക്ക് ഒറ്റത്തവണ 10 നോട്ടുകൾ വരെ മാറ്റി നൽകുമെന്നും ഈ പരിധിയിലുള്ള ഇടപാടുകൾക്ക് മറ്റ് രേഖകളുടെ ആവശ്യമില്ലെന്നുമാണ് എസ്ബിഐ വ്യക്തമാക്കിയിരിക്കുന്നത്.
പിൻവലിച്ച നോട്ടുകൾ മാറുന്നതിന് ആധാർ കാർഡ് പോലെയുള്ള തിരിച്ചറിയൽ രേഖകൾ സമർപ്പിക്കുന്നതിനൊപ്പം ഒരു ഫോം പൂരിപ്പിക്കേണ്ടതുണ്ടെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടന്നിരുന്നു. ഇത് ആളുകളിൽ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ്ബിഐ പുതിയ സർക്കുലർ പുറപ്പെടുവിച്ചത്.
മെയ് 19നാണ് ആർബിഐ രണ്ടായിരം രൂപയുടെ നോട്ട് പിൻവലിച്ചത്. ജനങ്ങളുടെ കൈവശമുള്ള 2000 രൂപ നോട്ടുകൾ സെപ്തംബർ 30നോ അതിന് മുൻപോ ആയി ബാങ്കുകളിൽ ഏൽപ്പിക്കണമെന്നാണ് നിർദേശം. 2016ൽ നോട്ട് നിരോധന കാലത്ത് പെട്ടെന്നുണ്ടായ കറൻസി ക്ഷാമം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടൊണ് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയത്. അന്ന് പഴയ 500,1000 നോട്ടുകൾ നിരോധിച്ച സാഹചര്യത്തിലായിരുന്നു 2000 രൂപ നോട്ടുകൾ വിപണിയിലെത്തിച്ചത്. ഇപ്പോൾ 2,000 രൂപ നോട്ടുകളുടെ ഉപയോഗം കുറവാണെന്നാണ് വിലയിരുത്തൽ. 2000 രൂപാ നോട്ടുകൾ അവ എന്തിനാണോ ആവിഷ്‌കരിച്ചത് ആ ലക്ഷ്യം പൂർത്തിയാക്കി എന്ന് വിലയിരുത്തിയതിനാലാണ് അവ പിൻവലിക്കുന്നതെന്ന് ആർബിഐ വിശദീകരിക്കുന്നു










Discussion about this post