ന്യൂഡൽഹി; ഭാരതീയ ജനസംഘം സ്ഥാപക നേതാവും സാമൂഹ്യചിന്തകനുമായിരുന്ന പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായയുടെ സ്മൃതി ദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യപുരോഗതിക്കും പാവങ്ങളെ സേവിക്കുന്നതിലും പണ്ഡിറ്റ് ദീൻദയാൽ നടത്തിയ പരിശ്രമമാണ് തന്റെ സർക്കാരിന് പ്രചോദനമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ചവിട്ടിമെതിക്കപ്പെട്ടവരിലും പാർശ്വവൽക്കരിക്കപ്പെട്ടവരിലും വികസനത്തിന്റെ ഫലം എത്തിക്കാൻ സർക്കാർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി കുറിച്ചു.
ദീൻദയാൽ ഉപാദ്ധ്യായയുടെ സേവനങ്ങളും സംഭാവനകളും ഒരിക്കലും മറക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്്ട്രീയ പ്രവർത്തകൻ, എഴുത്തുകാരൻ, സാമൂഹ്യ ചിന്തകൻ, വിദ്യാഭ്യാസ പ്രവർത്തകൻ, സംഘാടകൻ, പ്രഭാഷകൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയ ഇടപെടലുകൾ നടത്തിയ നേതാവായിരുന്നു പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായ.
1942 ൽ രാഷ്ട്രീയ സ്വയം സേവക സംഘം സ്ഥാപകൻ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറുമായി നടത്തിയ കൂടിക്കാഴ്ചയാണ് ദീൻദയാൽ ഉപാദ്ധ്യായയുടെ ജീവിതത്തിൽ വഴിത്തിരിവായത്. സർക്കാർ ജോലി സാമൂഹ്യസേവനത്തിനായിഉപേക്ഷിച്ച അദ്ദേഹം പിന്നീട് മുഴുവൻ സമയ ആർഎസ്എസ് പ്രചാരകനായി.
ലക്‌നൗവിൽ നിന്ന് ആരംഭിച്ച രാഷ്ട്രധർമ്മ മാസികയും സ്വദേശ് എന്ന ദിനപത്രവും പാഞ്ചജന്യ വാരികയും ആയിരങ്ങളുടെ മനസിൽ ദേശീയതയുടെ അഗ്നി പകർന്ന മാദ്ധ്യമങ്ങളായി. മാദ്ധ്യമപ്രവർത്തനം വാണിജ്യ ചരക്കായി മാറുന്നതിന് മുൻപ് രാഷ്ട്രധർമ്മത്തിൽ അടിയുറച്ച് നിന്ന് ഒരു മഹർഷിയുടെ ധർമ്മതപസോടെ അദ്ദേഹം നടത്തിയ മാദ്ധ്യമപ്രവർത്തനം ഇന്നും മാതൃകയാണ്. ഓർഗനൈസർ മാസികയിലെ പൊളിറ്റിക്കൽ ഡയറി എന്ന കോളത്തിലൂടെ നെഹ്‌റുവിന്റെ തെറ്റായ നയങ്ങളെ അദ്ദേഹം പലപ്പോഴും രൂക്ഷമായി വിമർശിച്ചു.
ഭാരതീയ ജനസംഘം സ്ഥാപിതമായതോടെ അതിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി. പിന്നീട് 15 വർഷക്കാലം ഈ സ്ഥാനത്ത് തുടർന്ന അദ്ദേഹം ജനസംഘത്തെ 1967 ലെ പൊതുതിരഞ്ഞെടുപ്പിൽ 35 സീറ്റുകൾ നേടി ലോക്‌സഭയിലെ മൂന്നാമത്തെ കക്ഷിയാക്കി ഉയർത്തിയതിലും വലിയ പങ്കുവഹിച്ചിരുന്നു. 1967 ഡിസംബറിൽ ജനസംഘത്തിന്റെ കോഴിക്കോട് സെഷനിൽ അദ്ദേഹം സംഘടനയുടെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
1916 സെപ്തംബർ 25ന് ഉത്തർപ്രദേശിലെ മഥുരയിൽ ജനിച്ച അദ്ദേഹത്തെ 1968 ഫെബ്രുവരി 11ന് മുഗൾസരായ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
Discussion about this post