കോട്ടയം: പഴയിടം ഇരട്ടക്കൊലക്കേസിൽ പ്രതിയ്ക്ക് വധ ശിക്ഷ. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി (2) ആണ് പ്രതി അരുൺ ശശിയ്ക്ക് വധ ശിക്ഷ വിധിച്ചത്. 10 വർഷങ്ങൾക്ക് മുൻപ് നടന്ന കേസിലാണ് ഇപ്പോൾ കോടതി വിധി പറഞ്ഞിരിക്കുന്നത്.
2013 സെപ്തംബർ 23 നായിരുന്നു സംഭവം. റിട്ട. സർക്കാർ ഉദ്യോഗസ്ഥരായ പഴയിടം തീമ്പനാൽ വീട്ടിൽ എൻ ഭാസ്‌ക്കരൻ (75), തങ്കമ്മ (69) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും അരുൺ ശശി ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കാർ വാങ്ങണമെന്ന് ആവശ്യപ്പെട്ട് റിട്ട. സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികളെ അരുൺ ശശി സമീപിച്ചിരുന്നു. എന്നാൽ അവർ അതിന് പണം നൽകിയില്ല. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം. തുടർന്ന് കേസ് അന്വേഷണത്തിന് പോലീസിനെ സഹായിച്ചതും ആക്ഷൻ കൗൺസിൽ രൂപീകരിക്കുന്നതിന് മുൻപിൽ നിന്നതും ഇയാളാണ്. കേസ് അന്വേഷണത്തിനിടെ പ്രദേശത്തെ മാല മോഷണവുമായി ബന്ധപ്പെട്ട് അരുൺ അറസ്റ്റിലായിരുന്നു. ഇതിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവന്നത്. ഇതോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കേസിന്റെ വിചാരണയ്ക്കിടെ ജാമ്യം ലഭിച്ച അരുൺ ശശി തമിഴ്‌നാട്ടിലേക്ക് കടന്നിരുന്നു. തുടർന്ന് ഇവിടെ നിന്നായിരുന്നു പിടികൂടിയത്. തമിഴ്‌നാട്ടിലും ഇയാൾക്കെതിരെ നിരവധി മോഷണ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതെല്ലാമാണ് വിചാരണ വർഷങ്ങളോളം നീളാൻ കാരണമായത്.
കഴിഞ്ഞ ആഴ്ചയായിരുന്നു കേസിന്റെ വിചാരണ പൂർത്തിയായത്. സംരക്ഷിക്കേണ്ടയാൾ തന്നെ ക്രൂരമായി കൊലപ്പെടുത്തിയതായി വിചാരണയ്ക്കിടെ കോടതി വിലയിരുത്തി. ഇതേ തുടർന്നാണ് വധശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട തങ്കമ്മയുടെ ബന്ധുവാണ് അരുൺ ശശി.












