ന്യൂഡൽഹി: 44ാമത് സ്ഥാപന ദിനത്തിൽ ബിജെപി നേതാക്കളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച വിപുലമായ ആഘോഷ പരിപാടിയിലായിരുന്നു അദ്ദേഹം പ്രവർത്തകരോട് സംസാരിച്ചത്. അഴിമതിയിൽ നിന്നും സ്വജനപക്ഷപാതത്തിൽ നിന്നും രാജ്യത്തെ രക്ഷിച്ച് ക്രമസമാധാനം പരിപാലിക്കാൻ രൂപം കൊണ്ട പാർട്ടിയാണ് ബിജെപിയെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് രാജ്യമൊട്ടാകെയുള്ള ബിജെപി പ്രവർത്തകർ സ്ഥാപന ദിനം ആഘോഷിക്കുകയാണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ. ഭാരതമാതാവിനായുള്ള നിങ്ങളുടെ ത്യാഗം മഹത്തരമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ന് ഹനുമാൻ ജയന്തിയാണ്. ഈ ദിനത്തിൽ ഭഗവാൻ ഹനുമാന്റെ എല്ലാ അനുഗ്രഹവും എല്ലാവർക്കും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. എല്ലാവരുടെയും നന്മയ്ക്ക് വേണ്ടിയാണ് ഹനുമാൻ പരിശ്രമിക്കാറുള്ളത്. അദ്ദേഹത്തിന് വേണ്ടി ഒന്നും ചെയ്യാറില്ല. ഇന്ന് ബജ്രംഗ്ദൾ സംഘടനയുടെ ശക്തി രാജ്യം തിരിച്ചറിഞ്ഞിരിക്കുന്നു. വലിയ പ്രതിസന്ധികൾ തരണം ചെയ്താണ് രാജ്യം ശക്തിയാർജ്ജിച്ചത് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കോൺഗ്രസിനെയും അദ്ദേഹം കടന്നാക്രമിച്ചു.
അധികാരത്തിലേറിയ ശേഷം പാവങ്ങളെ അപമാനിക്കുകയും ഉപദ്രവിക്കുകയുമാണ് ബിജെപി ചെയ്യുന്നത് എന്നാണ് കോൺഗ്രസ് വാദം. എന്നാൽ ജനസേവനമെന്ന പേരിൽ കോൺഗ്രസാണ് രാജ്യംവച്ച് കളിച്ചത്. സ്വന്തം കുടുംബത്തിന്റെ കാര്യത്തിൽ മാത്രം ശ്രദ്ധ പുലർത്തിയിരുന്ന അവർ ജനങ്ങളെ മറന്നു. സാമൂഹ്യനീതി എന്നത് വെറും രാഷ്ട്രീയ മുദ്രാവാക്യം മാത്രമല്ലെന്ന് കോൺഗ്രസ് തിരിച്ചറിയണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post