ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എത്തിയതിന് പിന്നാലെ തുറന്നു പറച്ചിലുകളുമായി സിനിമാരംഗത്തുനിന്നുള്ള നിരവധി പേരാണ് പൊതുസമക്ഷം എത്തുന്നത്. പല മുന്‍നിര നടന്മാര്‍ക്കും സംവിധായകര്‍ക്കും എതിരെ ആരോപണങ്ങളുമായി നിരവധി പേര്‍ അടുത്ത ദിവസങ്ങളിലായി രംഗത്ത് എത്തിയിരുന്നു. നടിമാര്‍ തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞതിന് പിന്നാലെ നടന്മാരും തങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്ന വേദനകള്‍ പങ്കുവെച്ച് രംഗത്ത് എത്തി. ഇപ്പോഴിതാ സ്‌കൂള്‍ കാലഘട്ടത്തില്‍ തനിക്ക് ഉണ്ടായൊരു മോശം അനുഭവത്തെ പറ്റി പറയുകയാണ് നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ സീനിയേഴ്‌സ് തന്നോട് വളരെ മോശമായി പെരുമാറിയെന്നും അവര്‍ തന്റെ മാറിടത്തില്‍ കയറിപ്പിടിച്ചുവെന്നും അത് തന്റെ മുന്നോട്ടുള്ള ജീവിതത്തില്‍ വലിയ ട്രോമയാണ് സമ്മാനിച്ചതെന്നും പ്രശാന്ത് അലക്‌സാണ്ടര്‍ പറയുന്നു.
എബിസി സിനി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടന്റെ വെളിപ്പെടുത്തലുകള്‍. ലൊക്കേഷനിലെ ദുരനുഭവങ്ങള്‍ എന്തുകൊണ്ട് അഭിനേത്രികള്‍ തുറന്നു പറയുന്നില്ലെന്ന് ചോദിച്ചാല്‍ അവരുടെ മാനസിക അവസ്ഥയാണത്. എങ്ങനെ പ്രതികരിക്കണമെന്ന് ചിലപ്പോള്‍ അവര്‍ക്ക് അറിയില്ലായിരിക്കും. അങ്ങനെയൊരു അവസ്ഥയിലൂടെ കടന്നു പോകുന്നത് ജീവിതത്തില്‍ ആദ്യമായിരിക്കുമെന്നും പ്രശാന്ത് പറയുന്നുണ്ട്.
‘ചെറുപ്പത്തില്‍ എനിക്ക് നല്ല വണ്ണം ഉണ്ടായിരുന്നു. അന്ന് നമ്മുടെ അതാത് ക്ലാസുകളില്‍ ഇരുന്നല്ലല്ലോ പരീക്ഷകള്‍ എഴുതുന്നത്. സീനിയേഴ്‌സും ് നമുക്കൊപ്പം ഉണ്ടാകും. രണ്ട് സൈഡിലും പത്താം ക്ലാസിലെ ചേട്ടന്മാരും നടുക്ക് ഏഴാം ക്ലാസിലെ ഞാനും. എന്നെ കാണുന്നതും അവരെന്റെ മാറിടത്തില്‍ കേറിപ്പിടിക്കും. മറ്റൊന്നുമല്ല വണ്ണം ഉള്ളവരെ കാണുമ്പോള്‍ അവര്‍ക്ക് ഒരു സന്തോഷം. ആദ്യദിവസം അവരെന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലായില്ല. വേദനിച്ച് തുടങ്ങിയപ്പോഴാണ് ഇത് സ്‌നേഹമല്ല അവരുടെ തമാശയാണെന്ന് മനസിലായത്. എനിക്ക് പിന്നീട് പരീക്ഷ എഴുതാന്‍ പേടിയായി.
ക്ലാസിനുള്ളില്‍ പരീക്ഷ എഴുതാന്‍ പോകണമല്ലോ എന്ന പേടി. ഇക്കാര്യം പറയാന്‍ വേണ്ടി സ്റ്റാഫ് റൂം വരെ നടക്കും. പക്ഷേ വേറെ കുറെ കാര്യങ്ങള്‍ ആകും എന്റെ മനസില്‍. പിന്നീട് ഉണ്ടാകുന്ന കാര്യങ്ങളെ പറ്റി. അതുകൊണ്ട് പറയില്ല. ചേട്ടന്മാര്‍ ഇതാവര്‍ത്തിക്കുമ്പോള്‍ ഞാന്‍ അത് സഹിക്കുമായിരുന്നു. ഇതെനിക്ക് വലിയൊരു ട്രോമയാണ് നല്‍കിയത്. ഞാന്‍ വീക്ക് അല്ലെന്ന് കാണിക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്വം ആയിരുന്നു. അങ്ങനെ ശ്രമിച്ച് ശ്രമിച്ച് ആ സ്‌കൂളിലെ ലീഡര്‍ ആയിട്ടാണ് ഇറങ്ങിയത്. എന്ന് കരുതി ഞാന്‍ ലീഡറായപ്പോള്‍ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടോ എന്ന് പോയി നോക്കിയിട്ടൊന്നും ഇല്ല. പക്ഷേ എന്നെ ഞാന്‍ ബോള്‍ഡാക്കി എടുത്തു’, എന്നാണ് പ്രശാന്ത് പറയുന്നത്.
Discussion about this post