ബലൂചിസ്ഥാനിൽ പാകിസ്താൻ സൈന്യം കനത്ത പരാജയത്തിലേക്ക് നീങ്ങുന്നുവെന്ന് സ്ഥിരീകരിച്ച് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ബലൂച് ലിബറേഷൻ ആർമി (BLA) നടത്തുന്ന ‘ഓപ്പറേഷൻ ഹെറോഫ് രണ്ടാം ഘട്ട’ത്തിന് മുന്നിൽ പാക് സൈന്യം ‘ശാരീരികമായി വികലാംഗർ’ (Physically Handicapped) ആണെന്നാണ് മന്ത്രി പാർലമെന്റിൽ തുറന്നുപറഞ്ഞത്. തങ്ങളുടെ സൈന്യത്തേക്കാൾ ആധുനിക ആയുധങ്ങൾ ബലൂച് പോരാളികളുടെ കൈവശമുണ്ടെന്നും പാകിസ്താൻ പ്രതിരോധ മന്ത്രി സമ്മതിച്ചു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകൾ പാകിസ്താന് വലിയ നാണക്കേടായി മാറിയിരുന്നു. ബലൂച് പോരാളികളുടെ ആക്രമണത്തെത്തുടർന്ന് നുഷ്കിയിലെ സൈനിക ക്യാമ്പിൽ നിന്ന് പാക് സൈനികർ യൂണിഫോമും പാന്റും ഉപേക്ഷിച്ച് ജീവനും കൊണ്ട് ഓടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സൈനിക പോസ്റ്റുകൾ വിജനമായി കിടക്കുന്നതും ചിതറിക്കിടക്കുന്ന പാക് സൈനിക ഗിയറുകളും വീഡിയോയിൽ വ്യക്തമാണ്. ജനുവരി 31 മുതൽ ആരംഭിച്ച ഏകോപിപ്പിച്ച ആക്രമണങ്ങളിൽ നൂറിലധികം പാക് സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ബലൂചിസ്ഥാൻ പാകിസ്താൻ്റെ ആകെ വിസ്തൃതിയുടെ 40 ശതമാനത്തിലധികം വരുന്ന വലിയ പ്രദേശമാണെന്നും ഇവിടെ പട്രോളിംഗ് നടത്തുന്നത് സൈന്യത്തിന് അസാധ്യമാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു. “അവർക്ക് രണ്ട് ദശലക്ഷം ഡോളർ വിലമതിക്കുന്ന അത്യാധുനിക റൈഫിളുകളുണ്ട്. അത്തരം റൈഫിളുകൾ ഞങ്ങളുടെ സൈന്യത്തിനില്ല. നൈറ്റ് വിഷൻ തെർമൽ സൈറ്റുകളും അവരുടെ പക്കലുണ്ടെന്ന് പാക്” മന്ത്രി പരിതപിച്ചു.
സ്വന്തം മണ്ണിലെ ധാതുസമ്പത്ത് കൊള്ളയടിക്കുകയും ജനങ്ങളെ പട്ടിണിക്കിടുകയും ചെയ്യുന്ന പാക് ഭരണകൂടത്തിനെതിരെ ബലൂച് വനിതാ പോരാളികളടക്കം (Veeranganas) ആയുധമെടുത്ത് രംഗത്തുവന്നത് പാകിസ്താനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സൈന്യത്തിന്റെ ആത്മവീര്യം തകർന്നിരിക്കുകയാണെന്നും ബലൂചിസ്ഥാനിൽ പാകിസ്താൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയാണെന്നുമാണ് നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. പട്ടിണിയും കടക്കെണിയും മൂലം വലയുന്ന പാകിസ്താൻ, സ്വന്തം അതിർത്തികൾ സംരക്ഷിക്കാൻ പോലും കഴിയാത്ത വിധം ദുർബലമായിരിക്കുകയാണ്.












