മലപ്പുറം: കേരള പൊലീസ് സേനയിലെ പുഴുക്കുത്തുകള്‍ക്കെതിരെ താന്‍ നല്‍കിയ പരാതികളില്‍ സര്‍ക്കാര്‍ നീതിപൂര്‍വമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷയെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും കൃത്യമായ പരാതി നല്‍കി. ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. സര്‍ക്കാര്‍ നീതിപൂര്‍വമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. മലപ്പുറം എസ് പിയായിരുന്ന സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തത് നടപടിയുടെ ആദ്യ സൂചനയാണ്. എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, പൊലീസിനെതിരെ പരാതി അറിയിക്കാന്‍ വാട്‌സ് ആപ്പ് നമ്പരും പി.വി. അന്‍വര്‍ പ്രഖ്യാപിച്ചു. ഭയപ്പെട്ട് പുറത്ത് പറയാത്ത സംഭവങ്ങളെല്ലാം അറിയിക്കാനുള്ള അവസരമാണെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. 8304855901 എന്ന നമ്പറിലൂടെ ഇത്തരം ക്രൂരതകള്‍ ജനങ്ങള്‍ക്ക് അറിയിക്കാമെന്നും അന്‍വര്‍ പറഞ്ഞു.
അഴിമതി കണ്ടെത്താന്‍ കെ ടി ജലീലിന്റെ സ്റ്റാര്‍ട്ടപ്പ് ആവശ്യമില്ലെന്ന് നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിമര്‍ശിച്ചിരുന്നു. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്നും അതിനായി പോര്‍ട്ടല്‍ തുടങ്ങുമെന്നുമുള്ള ജലീലിന്റെ വാക്കുകള്‍ക്ക് മറുപടിയായാണ് ഗോവിന്ദന്റെ പ്രതികരണം.
ഇതിനു പിന്നാലെയാണ് പൊലീസിനെതിരെ പരാതി അറിയിക്കാന്‍ അന്‍വര്‍ വാട്‌സ് ആപ്പ് നമ്പര്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും കൊടുത്ത പരാതിയില്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ പേര് പറഞ്ഞിട്ടില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി അന്‍വര്‍ പറഞ്ഞു.
പരാതിയില്‍ പറയുന്ന പ്രധാന കാര്യം സ്വര്‍ണക്കള്ളക്കടത്തും പൊലീസിലെ ക്രിമിനലുകളുമെന്നതാണ്. നാളെ തൃശ്ശൂര്‍ ഡിഐജി തന്റെ മൊഴിയെടുക്കും. അന്വേഷണത്തില്‍ നീതി ലഭിക്കും എന്നാണ് പ്രതീക്ഷ. പൊലീസില്‍ പുഴുക്കുത്തുകളുണ്ട്. തൃശൂര്‍ ഡിഐജി നല്ല ഉദ്യോഗസ്ഥന്‍ എന്നാണ് മനസ്സിലാക്കുന്നത്. സത്യസന്ധമായ അന്വേഷണം നടക്കും എന്നാണ് പ്രതീക്ഷ.
ഐ ജി നേരിട്ട് കേസ് അന്വേഷിക്കുന്നത് നല്ലകാര്യമാണ്. എന്നാല്‍ ഈ കേസ് വഴിതിരിച്ചുവിടാനുള്ള സാധ്യത മുന്‍കൂട്ടി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ കള്ളക്കടത്ത് മൂന്നു വര്‍ഷമായി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘമാണ് പിടിച്ചത്. പിടിക്കുന്ന സ്വര്‍ണത്തില്‍ വലിയൊരു പങ്ക് പൊലീസ് അടിച്ചുമാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post