ന്യൂഡൽഹി : ഇന്ത്യയുടെ അഭിമാനമായ വിമാന വാഹിനിക്കപ്പൽ ഐ.എൻ. എസ് വിക്രാന്തിൽ ഉപയോഗിക്കുന്ന വിമാനം തിരഞ്ഞെടുത്തതായി സൂചന. നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് പോർ വിമാനം തിരഞ്ഞെടുത്തത്. അമേരിക്കയുടെ എഫ്-18 സൂപ്പർ ഹോർനറ്റും ഫ്രാൻസിന്റെ റഫേൽ മറീനും തമ്മിലായിരുന്നു കരാറിനായി മത്സരിച്ചത്.
തദ്ദേശീയമായി നിർമ്മിച്ച തേജസിന്റെ നാവിക പതിപ്പും വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയിരുന്നു. നേരത്തെ മിഗ്-29 വിമാനങ്ങളായിരുന്നു ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലിൽ ഉപയോഗിച്ചിരുന്നത്. വിക്രാന്തിൽ ആധുനിക പോർ വിമാനം വേണമെന്ന നാവികസേനയുടെ ആവശ്യം പരിഗണിച്ചായിരുന്നു കരാറിനായി പരീക്ഷണങ്ങൾ നടത്തിയത്. ഈ വർഷമാദ്യം ഗോവയിൽ ഇരു വിമാനങ്ങളുടെയും പരീക്ഷണങ്ങൾ നടന്നിരുന്നു.
ഇന്ത്യ വാങ്ങിയ റഫേൽ വിമാനങ്ങളുടെ നാവിക പതിപ്പാണ് റഫേൽ മറീൻ. റഫേലാണ് ഇന്ത്യൻ ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ അനുയോജ്യമെന്ന് നാവിക സേന വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. റഫേലിന്റെ കൂടുതൽ വിമാനങ്ങൾ വ്യോമസേന വാങ്ങാൻ സാദ്ധ്യതയുണ്ടെന്നത് പരിഗണിച്ചും റഫേലിനായി അറ്റകുറ്റപ്പണികൾക്കും അനുബന്ധ സാമഗ്രികൾക്കുമുള്ള കരാറുകൾ ഇന്ത്യൻ കമ്പനികൾക്ക് ഇതിനോടകം നൽകിയിട്ടുള്ളതുമാണ് റഫേൽ മറീൻ തിരഞ്ഞെടുക്കാൻ കാരണമെന്നാണ് സൂചന.
Leave a Comment