ന്യൂഡൽഹി: പിന്നാക്ക സമുദായത്തെ അവഹേളിച്ചതിന് രണ്ട് വർഷത്തെ തടവും പിഴയും ശിക്ഷ വിധിച്ച സംഭവത്തിൽ വിധിക്കെതിരെ രാഹുൽ നാളെ സൂററ്റ് കോടതിയിൽ പുനപരിശോധനാ ഹർജി നൽകിയേക്കും. മാർച്ച് 23 നായിരുന്നു കോടതി വിധി പ്രസ്താവിച്ചത്. ഇതിന് പിന്നാലെ രാഹുലിന് ജാമ്യം നൽകിയ കോടതി അപ്പീൽ നൽകാൻ ഒരു മാസം സാവകാശം അനുവദിക്കുകയും ചെയ്തിരുന്നു.
വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഹർജി നൽകുക. 168 പേജുകളുളള വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചത്. വിധിയുടെ പശ്ചാത്തലത്തിൽ രാഹുലിന്റെ ലോക്‌സഭാംഗത്വവും റദ്ദായിരുന്നു.
എല്ലാ കള്ളൻമാർക്കും എങ്ങിനെയാണ് മോദിയെന്ന പേര് എന്ന രാഹുലിന്റെ വാക്കുകളാണ് കേസിനാധാരം. പിന്നാക്ക സമുദായമായ മോദി സമുദായത്തെ അപമാനിച്ചുവെന്ന് ആരോപിച്ചായിരുന്നു പരാതി. വിധി വന്നതിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധത്തിന് ഇറങ്ങിയ രാഹുൽ വിധിക്കെതിരെ അപ്പീൽ നൽകാൻ എന്തുകൊണ്ട് വൈകുന്നുവെന്ന ചോദ്യം നേരത്തെ തന്നെ ഉയർന്നിരുന്നു.
കോടതിവിധിയും അതിന് പിന്നാലെ ലോക്‌സഭാംഗത്വം നഷ്ടമായതും കോൺഗ്രസിന് രാഷ്ട്രീയമായും വലിയ തിരിച്ചടിയായിരുന്നു. അതുകൊണ്ടു തന്നെ പുനപരിശോധനാ ഹർജി കൂടുതൽ തിരിച്ചടികൾ ഉണ്ടാകാതിരിക്കാൻ അതിസൂക്ഷ്മമായിട്ടാണ് തയ്യാറാക്കുന്നതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം. രാഹുലിന്റെ നിയമോപദേശക സംഘമാണ് ഹർജി തയ്യാറാക്കുന്നത്. ഹർജിയിൽ നൽകുന്ന മറുപടികൾ റാഞ്ചിയിലെയും പറ്റ്‌നയിലെയും സമാന കേസുകളിൽ തിരിച്ചടിയാകാതിരിക്കാനും ശ്രദ്ധിക്കുന്നുണ്ട്.
2019 തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ പ്രസംഗിക്കവേ ആയിരുന്നു രാഹുലിന്റെ വാക്കുകൾ.








