കാലിഫോർണിയ: ആർആർആർ ബോളിവുഡ് ചിത്രമെന്ന് പറഞ്ഞ അമേരിക്കൻ മാദ്ധ്യമപ്രവർത്തകരെ തിരുത്തി സംവിധായകൻ എസ്.എസ് രാജമൗലി. ഇത് ഒരു തെലുങ്കു ചിത്രമാണെന്നും ദക്ഷിണേന്ത്യൻ ചിത്രമാണെന്നുമായിരുന്നു രാജമൗലിയുടെ മറുപടി.
ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഒറിജനൽ ഗാനത്തിനുളള ഗോൾഡൻ ഗ്ലോബ് ലഭിച്ച ശേഷമായിരുന്നു സംവിധായകന്റെ പ്രതികരണം. ഡയറക്ടേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്കയിൽ തന്റെ ചിത്രം പ്രദർശിപ്പിച്ച ശേഷമായിരുന്നു രാജമൗലി യുഎസിലെ മാദ്ധ്യമപ്രവർത്തകരെ അഭിമുഖീകരിച്ചത്. ഇതിനിടയിലായിരുന്നു ചോദ്യം.
താൻ ഒരു ദക്ഷിണേന്ത്യക്കാരനാണ്. അവിടുത്തെ സിനിമയാണിത്. എല്ലാ ഇന്ത്യൻ സിനിമകളിലും ഉളളതുപോലെ ചില രംഗങ്ങൾ നിങ്ങൾക്ക് ഇതിലും കാണാം. ചില പാട്ടുകളും ഫൈറ്റ് സീനുകളും പ്രത്യേകിച്ച്. പക്ഷെ ഇത് ഒരു ബോളിവുഡ് ചിത്രമല്ല.
നാട്ടു നാട്ടു എന്ന പാട്ട് താൻ ഉപയോഗിച്ചത് സിനിമയെ മുന്നോട്ട് കൊണ്ടുപോകാനാണ്. അതിന് മേമ്പൊടിയായി നൃത്തവും സംഗീതവും ചേർത്തുവെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം സിനിമയെ മുന്നോട്ട് കൊണ്ടുപോകാനാണ് താൻ ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാണികളുടെ പ്രതികരണങ്ങൾ പരമാവധിയിലെത്തിക്കുക എന്നതാണ്. സിനിമയിലെ പാട്ട് കേട്ട് അവർ തിയറ്ററിനുളളിൽ പോലും നൃത്തം ചെയ്യുകയാണ്.
മൂന്ന് മണിക്കൂർ വരുന്നതാണ് സിനിമ. ആ മൂന്ന് മണിക്കൂർ കഴിഞ്ഞുപോയത് ഞങ്ങൾ അറിഞ്ഞില്ല എന്ന് കാണികൾ പറഞ്ഞാൽ താൻ വിജയിച്ചുവെന്നാണ് കരുതുകയെന്നും രാജമൗലി കൂട്ടിച്ചേർത്തു.









