ഭൂമിയുടെ വറചട്ടിയാണ് സഹാറ മരുഭൂമി. ഇവിടെ ജലലഭ്യത വളരെ കുറവാണ്. വര്‍ഷത്തിന്റെ എല്ലാക്കാലവും വരണ്ടു ചുട്ടുപഴുത്തുകിടക്കുന്ന ഈ മരുഭൂമി വളരെ ചുരുക്കം ജീവികള്‍ക്കും മുള്‍ച്ചെടികള്‍ക്കും മാത്രമാണ് ആവാസസ്ഥാനമായുളളത്. ഇപ്പോഴിതാ സഹാറ മരുഭൂമി ഇപ്പോള്‍ ഗവേഷകരെ ഞെട്ടിച്ചിരിക്കുകയാണ് . ഒരു ഗുഹയിലെ പാറയില്‍ പ്രാചീന മനുഷ്യര്‍ വരച്ച ചില ചിത്രങ്ങളാണ് ശാസ്ത്രലോകത്തെ ആശങ്കയിലാഴ്ത്തിയത്. ജലത്തില്‍ നീന്തിത്തുടിക്കുന്ന രണ്ട് പേരുടെ ചിത്രങ്ങളാണ് ഗുഹയുടെ ഭിത്തിയില്‍ ഇവര്‍ വരച്ചിരിക്കുന്നത്.
ഈ ചിത്രങ്ങള്‍ മരുഭൂമിയുടെ പ്രാചീന ചരിത്രത്തിലേക്ക് വെളിച്ചം വീശിയിരിക്കുകയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശം ഒരു മരുഭൂമിയായായിരുന്നിരിക്കില്ലെന്ന നിഗമനത്തിലാണ് ഗവേഷകര്‍ എത്തിയിരിക്കുന്നത്. ഇത് വളരെ പച്ചപ്പുള്ള ഒരു സ്ഥലമായിരുന്നിരിക്കണമെന്നും ഇവിടെ നീന്താന്‍ പാകത്തിലുള്ള തടാകങ്ങള്‍ പോലുള്ള ഭാഗങ്ങള്‍ ഉണ്ടായിരുന്നിരിക്കാമെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.
ഏകദേശം 6000 മുതല്‍ 9000 വര്‍ഷങ്ങള്‍ പഴക്കമുള്ള വയാണ് കണ്ടെത്തിയ പെയിന്റിംഗുകള്‍, ഇതിന് സമാനമായി 1926ല്‍ യൂറോപ്യന്‍ കാര്‍ട്ടോഗ്രാഫറായ ലാസ്ലോ മരുഭൂമിയിലെ ആരും കടന്നുചെല്ലാത്ത ഒരു സ്ഥലത്ത് പൊള്ളയായ ഒരു ഗുഹ കണ്ടെത്തിയിരുന്നു.
ഇതിലുടനീളം മനുഷ്യരുടെയും മൃഗങ്ങളുടെയും പെയിന്റിംഗുകള്‍ ഇദ്ദേഹം കണ്ടെത്തിയിരുന്നു. ഇതു കൂടാതെ തന്നെ പലതരത്തില്‍ ചായങ്ങളില്‍ മുക്കിപതിച്ച ഹാന്‍ഡ് പ്രീന്റുകളും ഈ ഗുഹയുടെ ഭിത്തിയിലുണ്ടായിരുന്നു.
ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാവുന്നത് സഹാറ മരുഭൂമി എന്ന് ഇന്ന് അറിയപ്പെടുന്ന ഭൂവിഭാഗം ഒരു കാലത്ത് നിബിഡമായ മനുഷ്യവാസമുള്ള ഒരു പ്രദേശമായിരിക്കാം എന്നതാണ്. കൂടാതെ വളരെ ഫലഭൂയിഷ്ടവും ജലസാന്നിദ്ധ്യവുമുണ്ടായിരുന്ന ഈ പ്രദേശം എങ്ങനെ ഇത്തരത്തില്‍ കാലാന്തരത്തില്‍ മരുഭൂമിയായി രൂപപ്പെട്ടു എന്നതിനും ഇതിലൂടെ ഉത്തരം ലഭിക്കും. ഇതോടെ ഭാവിയില്‍ മരുഭൂമിയെയും ഫലഭൂയിഷ്ഠമായ പ്രദേശമായി മാറ്റാന്‍ സാധി്ക്കുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
Discussion about this post