ന്യൂഡൽഹി : അദാനി വിഷയത്തിൽ നരേന്ദ്രമോദിക്ക് കാലിടറുമെന്ന് അന്താരാഷ്ട്ര ഉപജാപകൻ ജോർജ്ജ് സോറോസ്. ഇന്ത്യയിൽ അധികാര കൈമാറ്റം ഉണ്ടാകുമെന്നും നരേന്ദ്രമോദി പാർലമെന്റിൽ ഉത്തരം പറയണമെന്നും സോറോസ് ആവശ്യപ്പെട്ടു. ജർമ്മനിയിൽ മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു സോറോസ്.
ജനാധിപത്യ മാറ്റങ്ങൾ ഉണ്ടാകണമെങ്കിൽ നരേന്ദ്രമോദിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കണമെന്നും അദാനി വിഷയം അതിനു കാരണമാകുമെന്നും സോറോസ് അഭിപ്രായപ്പെട്ടു. ഹിഡൻബർഗ് റിസർച്ച് റിപ്പോർട്ട് ഇന്ത്യയിൽ അധികാര മാറ്റത്തിന് കാരണമാകുമെന്നും സോറോസ് പരോക്ഷമായി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ താനൊരു ജനാധിപത്യപരമായ മാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നും സോറോസ് പറഞ്ഞു.ഇന്ത്യ റഷ്യയിൽ നിന്ന് ഇന്ധനം വൻതോതിൽ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും ഇങ്ങനെ ഇന്ത്യ നല്ല രീതിയിൽ സമ്പത്തുണ്ടാക്കുന്നെന്നും സോറോസ് കുറ്റപ്പെടുത്തി.
ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ച് ശ്രദ്ധേയനായ ശതകോടീശ്വരനാണ് ജോർജ്ജ് സോറോസ്. ലിബറലിസത്തിന്റെ മറവിൽ ഇസ്ലാമിക മൗലികവാദത്തിനും ദേശീയത വിരുദ്ധതയ്ക്കും പണം നൽകുന്ന പ്രധാന സാമ്പത്തിക ശക്തികളിലൊന്നാണ് സോറോസിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻ. രാജ്യങ്ങളെ തകർക്കാൻ അന്താരാഷ്ട്ര ഉപജാപം നടത്താൻ കഴിവുള്ള ഇയാൾ നേരത്തെ ബ്രിട്ടീഷ് കറൻസിയുടെ വിലയിടിച്ച് ശ്രദ്ധ നേടിയിരുന്നു. നിരവധി മാദ്ധ്യമ സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകുന്ന സോറോസ് അതുവഴി തങ്ങൾക്ക് താത്പര്യമില്ലാത്ത രാഷ്ട്ര നേതാക്കൾക്കെതിരെ ഉപജാപങ്ങൾ നടത്തുന്നതിൽ കുപ്രസിദ്ധി നേടിയിട്ടുണ്ട്. ഇന്ത്യക്കെതിരായ പല അന്താരാഷ്ട്ര ഗൂഢാലോചനയ്ക്കും ഇയാൾ ഫണ്ട് നൽകിയിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.
Discussion about this post