എറണാകുളം: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി ചലച്ചിത്ര നിർമ്മാതാവും സംവിധായികയുമായ സൗന്ദര്യ രജനി കാന്ത്. മാളികപ്പുറം ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്‌ക്കൊപ്പമായിരുന്നു സൗന്ദര്യയുടെ ക്ഷേത്ര ദർശനം. ചിത്രങ്ങൾ അഭിലാഷ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
രാവിലെയോടെയായിരുന്നു ക്ഷേത്ര ദർശനം. സംഗീത സംവിധായകൻ രഞ്ജിൻ രാജും ഇവർക്കൊപ്പമുണ്ടായിരുന്നു. അതേസമയം ചിത്രങ്ങൾ വൈറലായതോടെ പുതിയ ചിത്രം സംബന്ധിച്ച അഭ്യൂഹങ്ങളും ആളുകളിൽ നിന്നും ഉയരുന്നുണ്ട്.
ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറത്തിന് വലിയ ജനപ്രീതിയാണ് ലഭിച്ചത്. ഇതിന് പിന്നാലെ ചിത്രം കണ്ട സൗന്ദര്യ പ്രശംസിച്ച് സമൂഹമാദ്ധ്യമത്തിൽ കുറിപ്പും പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗന്ദര്യ കേരളത്തിൽ എത്തിയത്.
പുതിയ ചിത്രങ്ങൾ സംബന്ധിച്ച ചർച്ചകൾക്ക് വേണ്ടിയാണ് സംവിധായികയുടെ വരവ് എന്നാണ് സംശയിക്കുന്നത്. അഭിലാഷ് പിള്ള തിരക്കഥയെഴുതിയ തമിഴ് ചിത്രം കഡാവർ ശ്രദ്ധേയമായിരുന്നു. അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ പാൻ ഇന്ത്യൻ ചിത്രമാണ് ലക്ഷ്യമിടുന്നത് എന്നാണ് സൂചന.












