ഹൈദരാബാദ്: വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. തെലങ്കാനയിലാണ് അക്രമം ഉണ്ടായത്. ട്രെയിനിന്റെ ഒരു ജനൽ പാളി കല്ലേറിൽ തകർന്നു. വെളളിയാഴ്ച വൈകിട്ടായിരുന്നു സംഭവമെന്ന് റെയിൽവേ അറിയിച്ചു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല.
സെക്കന്തരാബാദ് – വിശാഖപട്ടണം വന്ദേഭാരത് എക്‌സ്പ്രസിന് നേർക്കാണ് കല്ലേറുണ്ടായത്. തെലങ്കാനയിലെ മഹബൂബാബാദിൽ വെച്ചാണ് അക്രമം നടന്നത്. റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ട്രെയിൻ സർവ്വീസ് ആരംഭിക്കുന്നതിന് മുൻപായി വിശാഖപട്ടണം യാർഡിൽ വെച്ചും കല്ലേറ് ഉണ്ടായിരുന്നു.
ജനുവരി 15 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സെക്കന്തരാബാദ് – വിശാഖപട്ടണം വന്ദേഭാരത് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തത്. അതിവേഗ ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസുകളിൽ മികച്ച സൗകര്യങ്ങളാണ് റെയിൽവേ ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാരിൽ നിന്നും നല്ല പ്രതികരണമാണ് ഈ സർവ്വീസുകൾക്ക് ലഭിക്കുന്നത്. അതിനിടെയാണ് ഇത്തരം അക്രമങ്ങൾ വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ ഉണ്ടാകുന്നത്.








