എറണാകുളം: അന്തരിച്ച ടെലിവിഷൻ അവതാരകയും നടിയുമായ സുബി സുരേഷിന്റെ ഭൗതിക ദേഹം ഇന്ന് സംസ്‌കരിക്കും. ഉച്ചയ്ക്ക് ശേഷം ചേരാനെല്ലൂർ ശ്മാശനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സുബി സുബീഷ് അന്തരിച്ചത്.
നിലവിൽ സുബിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എട്ട് മണിയോടെ മൃതദേഹം വരാപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുവരും. ഇവിടെ പൊതുദർശനത്തിന് വയ്ക്കും. ഇതിന് ശേഷം രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിലും പൊതുദർശനത്തിന് വയ്ക്കും. എല്ലാവരും അന്തിമോപചാരം അർപ്പിച്ച ശേഷം മൃതദേഹം സംസ്‌കാര ചടങ്ങുകൾക്കായി ചേരാനല്ലൂരിലേക്ക് കൊണ്ടുപോകും. അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി മൂന്ന് മണിയോടെയാകും മൃതദേഹം സംസ്‌കരിക്കുക.
ടെലിവിഷനിലെ ഹാസ്യപരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുബി സുരേഷ് കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ആഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ആരോഗ്യനില മോശമായി. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആയിരുന്നു സുബിയുടെ വിയോഗം. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കരൾ മാറ്റിവയ്ക്കണം എന്നായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം. ഇത് പ്രകാരം ദാതാവിനെ കണ്ടെത്തി തുടർ നടപടികൾ പൂർത്തിയാക്കിയിരുന്നു. ശസ്ത്രക്രിയയ്ക്കായുള്ള ഒരുക്കൾക്കിടെയായിരുന്നു സുബി സുരേഷ് അന്തരിച്ചത്.
Discussion about this post