കാബൂൾ: അഫ്ഗാസ്ഥാനിലെ ചില പ്രവിശ്യകളിൽ പത്തു വയസിന് മുകളിലുള്ള പെൺകുട്ടികൾ സ്‌കൂളിൽ പോയി പഠിക്കുന്നത് താലിബാൻ വിലക്കിയതായി റിപ്പോർട്ട്. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നാം ഗ്രേഡിന് ശേഷം പെൺകുട്ടികൾ സ്‌കൂളിൽ പോയി പഠിക്കേണ്ടതില്ലെന്നും വീടാണ് ലോകമെന്നും താലിബാൻ നിർദ്ദേശിച്ചു.
നിയമലംഘകർക്ക് ശരിഅത്ത് പ്രകാരമുള്ള കടുത്ത ശിക്ഷയാണ് ഉണ്ടാവുകയെന്ന് മുന്നറിയിപ്പുണ്ട്.നേരത്തെ, കലാലയങ്ങളിൽ പെൺകുട്ടികൾ പഠിക്കുന്നത് വിലക്കി താലിബാൻ ഉത്തരവിറക്കിയിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ കാടൻ തീരുമാനമുണ്ടായിരിക്കുന്നത്.നേരത്തെ പെൺകുട്ടികൾക്ക് ആറാം ക്ലാസ് വരെ പഠിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു.
ഘാസി പ്രവിശ്യയിൽ പത്തു വയസ്സിന് മുകളിലുള്ള പെൺകുട്ടികളെ സ്‌കൂളിൽ പഠിപ്പിക്കരുതെന്ന് സ്‌കൂൾ അധികൃതർക്ക് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. നേരത്തെ എൻജിഒകളിൽ അടക്കം പ്രവർത്തിക്കുന്നതിൽ നിന്നും സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. സ്ത്രീകളുടെ ബ്യൂട്ടിപാർലറുകൾ അടച്ചുപൂട്ടാനും താലിബാൻ ഉത്തരവിറക്കിയിരുന്നു.
10 വയസ്സിന് മുകളിലുള്ള പെൺകുട്ടികളെ സ്‌കൂളിൽ അയക്കുന്നത് തടയാൻ ഹ്രസ്വകാല പരിശീലന സെഷനുകൾ നടത്താൻ അഫ്ഗാൻ സർക്കാർ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ സ്‌കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാക്ഷരതാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾക്ക് ഉത്തരവ് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
Discussion about this post