ടെഹ്റാൻ : ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാനിയൻ മിസൈൽ കേന്ദ്രങ്ങൾ യുഎസ് ആക്രമിച്ചു. ഇറാന്റെ കപ്പൽവേധ മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് മിഡിൽ ഈസ്റ്റിലെ യുഎസ് സേനയുടെ മേൽനോട്ടം വഹിക്കുന്ന യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. 5,000 പൗണ്ട് (2,267 കിലോഗ്രാം) ക്ലാസ് ഡീപ്-പെനട്രേഷൻ ബോംബുകൾ വിജയകരമായി വർഷിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
കോൺക്രീറ്റ് അല്ലെങ്കിൽ ഭൂഗർഭ ഘടനകൾ നശിപ്പിക്കാൻ ഉപയോഗിക്കുന്ന അതീവ ശക്തവും ആഴത്തിൽ ആക്രമണം നടത്താൻ കഴിയുന്നവയുമാണ് ക്ലാസ് ഡീപ്-പെനട്രേഷൻ ബോംബുകൾ. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന അന്താരാഷ്ട്ര കപ്പലുകൾക്ക് ഭീഷണിയായതിനാലാണ് ഈ താവളങ്ങളിൽ വിന്യസിച്ചിരിക്കുന്ന ഇറാനിയൻ കപ്പൽവേധ ക്രൂയിസ് മിസൈലുകൾ നശിപ്പിച്ചത് എന്നാണ് യുഎസ് വ്യക്തമാക്കുന്നത്.








