കോൽക്കത്ത: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ആരുമായും സഖ്യത്തിനില്ലെന്ന് മമത ബാനർജി. ത്രിപുര ഉൾപ്പെടെ മൂന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം. ജനങ്ങളുടെ പിന്തുണയാണ് ഉളളതെന്നും അല്ലാതെ ആരുടെയും പിന്തുണ വേണ്ടെന്നുമായിരുന്നു മമതയുടെ വാക്കുകൾ.
ബിജെപിയെ തോൽപിക്കാൻ പ്രതിപക്ഷ ഐക്യം ഉണ്ടാകുമെന്ന് കോൺഗ്രസും ജെഡിയുവും ഇടതുപാർട്ടികളുമൊക്കെ ആവർത്തിക്കുന്നതിനിടയിലാണ് മമതയുടെ പ്രഖ്യാപനം. ത്രിപുരയിൽ തൃണമൂൽ കോൺഗ്രസ് ഇക്കുറി മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും വിജയിക്കാൻ കഴിഞ്ഞില്ല. മേഘാലയയിൽ അഞ്ച് സീറ്റുകൾ വിജയിച്ചത് മാത്രമാണ് പാർട്ടിക്ക് ആശ്വാസമായത്.
സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും വാക്ക് കേൾക്കരുതെന്നാണ് ലഭിച്ച പാഠം. അവർ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണ്. ഇത്തരം അവിശുദ്ധ സഖ്യങ്ങൾ ഉളളപ്പോൾ കോൺഗ്രസിന് എങ്ങനെ ബിജെപിയെ നേരിടാനാകുമെന്നും എങ്ങനെയാണ് കോൺഗ്രസും സിപിഎമ്മും ബിജെപി വിരുദ്ധമെന്ന് പറയുകയെന്നും മമത ചോദിച്ചു.
2024 ൽ തൃണമൂൽ കോൺഗ്രസും ജനങ്ങളുമായിട്ടാണ് സഖ്യം. ബിജെപിയെ തോൽപിക്കണമെന്നുളളവർ ഞങ്ങൾക്ക് വോട്ട് ചെയ്യും. കോൺഗ്രസിനും സിപിഎമ്മിനും വോട്ട് ചെയ്യുന്നവർ ബിജെപിയെ സഹായിക്കുകയാണെന്നും മമത ആരോപിച്ചു.










