മുംബൈ: സല്‍മാന്‍ ഖാന്റെ വീടിന് നേരെ ഉണ്ടായ വെടിവെയ്പ്പില്‍ പുതിയ വിശദീകരണവുമായി പ്രതികളിലൊരാളായ വിക്കി കുമാര്‍ ഗുപ്ത്. ആസൂത്രണം ചെയ്തത് ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയെന്ന് പറഞ്ഞ ഇയാള്‍ നടനെ കൊല്ലാനായിരുന്നില്ല, മറിച്ച് പേടിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം എന്നും പ്രതി കോടതിയില്‍ പറഞ്ഞു.
കൃഷ്ണമൃഗത്തെ ആരാധിക്കുന്നവരാണ് രാജസ്ഥാനിലെ ബിഷ്ണോയ് വിഭാഗം. അതിനെ വെടിവെച്ചുകൊന്നതില്‍ സല്‍മാനോട് കടുത്ത ദേഷ്യവും പകയുമുണ്ട് എന്നും സംഭവത്തില്‍ സല്‍മാന്‍ ഖാന്‍ മാപ്പുപറയാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ ലക്ഷ്യം വെച്ചതെന്നും ഇയാള്‍ പറഞ്ഞു.
ബിഷ്ണോയ് സംഘത്തിന്റെ മേധാവി ലോറന്‍സ് ബിഷ്ണോയിയും സഹോദരന്‍ അന്‍മോള്‍ ബിഷ്ണോയിയും ചേര്‍ന്നാണ് വെടിവെക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. കൊവിഡ് കാലത്ത് ജോലി തേടി ഒരു സുഹൃത്തിന്റെ സഹായത്തോടെ പഞ്ചാബിലെത്തിയപ്പോഴാണ് അന്‍മോല്‍ ബിഷ്ണോയ് ഇക്കാര്യം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നും അവര്‍ തന്നെ മുംബൈയിലേക്ക് എത്തിക്കുയായിരുന്നുവെന്നും പ്രതി ജാമ്യാപേക്ഷയില്‍ പറയുന്നു.
‘അപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് തനിക്ക് ഒരു രൂപവുമുണ്ടായിരുന്നില്ല. പിന്നീടാണ് സല്‍മാന്‍ ഖാന്റെ വീടിനുനേരെ വെടിവെക്കണമെന്ന് പറയുന്നത്. വെടിവെച്ച സാഗര്‍ പാലിനെ ബൈക്കില്‍ അവിടെയെത്തിച്ചത് ഞാനാണ്. എനിക്കൊന്നും സംഭവിക്കില്ലെന്ന് അവര്‍ ഉറപ്പു നല്‍കിയിരുന്നു.
കുടുംബത്തിന്റെ ആകെ വരുമാനം എന്റെ ജോലിയാണ്. കേസിന്റെ വിചാരണ നീണ്ടു പോകുന്നതിനാല്‍ എനിക്ക് ജാമ്യം അനുവദിക്കണം’ ജാമ്യാപേക്ഷയില്‍ പറയുന്നു. കേസിന്റെ അടുത്ത വാദം ഓഗസ്റ്റ് 13-ലേക്കാണ് മാറ്റിയിരിക്കുന്നത്.
Discussion about this post