റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ പ്രദേശവാസി മരിച്ചു. ബിജാപൂർ ഗുന്ദം സ്വദേശിയായ പൂനം ലഖ്മുവാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഗുന്ദം – ചുട്ട്‌വായി വനമേഖലയിൽ ആണ് ഏറ്റുമുട്ടൽ ഉണ്ടായത്. വടക്കൻ ബസ്തറിലെ കമ്യൂണിസ്റ്റ് ഭീകര നേതാവ് ഉദ്ദം സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം വനമേഖലയിൽ തമ്പടിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു സുരക്ഷാ സേന. എന്നാൽ പരിശോധനയ്ക്കിടെ ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ഇതോടെ സുരക്ഷാ സേനയും പ്രത്യാക്രമണം നടത്തി. ഏകദേശം ഒന്നര മണിക്കൂറോളം നേരം ഏറ്റുമുട്ടൽ നീണ്ടുനിന്നു. ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് പൂനത്തിനെ പരിക്കേറ്റ നിലയിൽ കണ്ടത്. ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
വന മേഖലയോട് ചേർന്നാണ് പൂനത്തിന്റെ താമസം. വെടിയൊച്ച കേട്ടതിനെ തുടർന്നാണ് അദ്ദേഹം വനമേഖലയിൽ എത്തിയത്. എന്നാൽ കമ്യൂണിസ്റ്റ് ഭീകരർ അദ്ദേഹത്തെ ബന്ദിയാക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനായി പൂനത്തിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ഡിസ്ട്രിക്ട് റിസർവ്വ് ഗാർഡും, എസ്ടിഎഫ്- കോബ്ര എന്നിവരുടെ സംയുക്ത സംഘവും ചേർന്നാണ് പ്രദേശത്ത് എത്തിയത്. വൻ ഭീകരാക്രമണ പദ്ധതിയുമായാണ് കമ്യൂണിസ്റ്റ് ഭീകര സംഘം വനമേഖലയിൽ എത്തിയത് എന്നാണ് സുരക്ഷാ സേന പറയുന്നത്.









