ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഹിസ്ബുല്‍ മുജാഹിദ്ദീന്‍ അംഗങ്ങളായ രണ്ടു ഭീകരരെയാണ് സൈന്യം വധിച്ചത്.
ഇതിനിടയില്‍ ഭീകരരുടെ വെടിയേറ്റ് ഒരു പൊലീസുകാരന്റെ ജീവനും നഷ്ടമായി. 15 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന് ഉള്‍പ്പെടെ മൂന്നു സുരക്ഷാ ജീവനക്കാര്‍ക്കു പരുക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലെ വൈകുന്നേരം ആറുമണിയോടെയായിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നാണ് ത്രാലിലെ ഹായുന ഗ്രാമത്തില്‍ സൈന്യം എത്തിയത്.
ജമ്മു കശ്മീര്‍ പൊലീസ്, സൈന്യം, സിആര്‍പിഎഫ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് തിരച്ചിലിന് ഇറങ്ങിയത്. ഇവര്‍ക്കുനേരെ ഭീകരര്‍ ഗ്രനേഡ് എറിയുകയും വെടിയുതിര്‍ക്കുകയും ചെയ്തു. സുരക്ഷാ സേന ഉടന്‍തന്നെ തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടലിലൂടെ സൈന്യം വധിച്ച ഭീകരന് ബുര്‍ഹാന്‍ വാനിയുടെ സ്വദേശമാണ് ത്രാല്‍.
Discussion about this post