മുംബൈ: ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ പേരുമാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി. എം.എല്‍.എ. രംഗത്ത്. ബ്രിട്ടീഷ് ഭരണത്തിന്റെ ഓര്‍മയുണര്‍ത്തുന്ന പേരുമാറ്റി ഈ സ്മാരകത്തെ ‘ഭാരത് ദ്വാര്‍’ എന്ന് വിളിക്കണമെന്നാണ് രാജ് പുരോഹിത് എം.എല്‍.എ.യുടെ നിര്‍ദേശം.
പഴയ ബോംബെയിലെ അപ്പോളോ ബന്ദറില്‍ ബ്രിട്ടന്റെ ജോര്‍ജ് അഞ്ചാമന് രാജാവും മേരി രാജ്ഞിയും വന്നിറങ്ങിയതിന്റെ ഓര്‍മയ്ക്കായി 1924-ല്‍ പണികഴിപ്പിച്ചതാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ. മുംബൈയിലെ താജ്മഹല്‍ എന്നറിയപ്പെടുന്ന ഈ നിര്‍മിതി നഗരത്തില്‍ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന സ്ഥലംകൂടിയാണ്.
ഇന്ത്യയെ ബ്രിട്ടീഷുകാര്‍ അടിമയാക്കിവെച്ചതിന്റെ പ്രതീകമാണ് ഗേറ്റ് വേ ഓഫ് ഇന്ത്യയെന്നാണ് കൊളാബയില്‍ നിന്നുള്ള നിയമസഭാംഗമായ പുരോഹിത് പറയുന്നത്. കൊളോണിയല്‍ സ്വാധീനം ഒഴിവാക്കാന്‍ പേരുമാറ്റത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. സ്മാരകത്തിന്റെ പേര് ‘ഭാരത് ദ്വാര്‍’ എന്നു മാറ്റണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും മുംബൈ പോര്‍ട്ട് ട്രസ്റ്റിനും കത്തയയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. മറൈന്‍ലൈന്‍സ് റെയില്‍വേ സ്റ്റേഷന്റെ പേര് മുംബാദേവി എന്നാക്കണമെന്ന് അദ്ദേഹം നേരത്തേ ആവശ്യപ്പെട്ടിരുന്നു.
എല്ഫിന്സ്റ്റണ് റോഡ് റെയില്‍വേ സ്റ്റേഷന്റെ പേര് പ്രഭാദേവി എന്നാക്കാന്‍ തീരുമാനമായിട്ടുണ്ട്. ഓഷിവാര സ്റ്റേഷന്റെ പേര് ഉദ്ഘാടനത്തിനു മുമ്പുതന്നെ രാംമന്ദിര്‍ എന്നാക്കിയിരുന്നു. വിക്ടോറിയ ടെര്‍മിനസിന്റെ പേര് വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഛത്രപതി ശിവജി ടെര്‍മിനസ് എന്നുമാറ്റിയത്. ശിവജിയോടുള്ള ആദരസൂചകമായി അത് ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് എന്നുമാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
Discussion about this post