തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനേ നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ വീടിന് നേര്‍ക്ക് ആക്രമണം. ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരം മരുതംകുഴിയിലുള്ള വീടിന് നേരെ ആക്രമണമുണ്ടായത്.
ബൈക്കിലെത്തിയ സംഘം വീട്ടിലേക്ക് കല്ലുകള്‍ വലിച്ചെറിയുകയായിരുന്നു. ആക്രമണ സമയത്ത് കോടിയേരി ബാലകൃഷ്ണന് വീട്ടിലുണ്ടായിരുന്നില്ല. ബിനീഷും സഹോദരനും മറ്റ് കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്ത ആക്രമികള്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും തകര്‍ത്തു.
ബിജെപിയും ആര്‍എസ്എസും ആസൂത്രണം ചെയ്തതാണ് ആക്രമണമെന്നും ആക്രമികള്‍ തന്നെയാണ് ലക്ഷ്യം വെച്ചതെന്നും കോടിയേരി ബാലകൃഷ്ണന് ആരോപണം ഉയര്‍ത്തി.
‘ ആക്രമണം ആര്‍എസ്എസും ബിജെപിയും ആസൂത്രണം ചെയ്തതാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയെ ലക്ഷ്യമിട്ടാണ് വീടിന് നേരെ ആക്രമണമുണ്ടായത്. ബിനീഷ് കോടിയേരിയോട് ഇപ്പോള്‍ ആര്‍ക്കും ശത്രുതയുണ്ടാവാനിടയില്ല. ഞാന്‍ ഇടയ്ക്ക് ഇവിടെ വന്ന് താമസിക്കാറുണ്ടെന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്.’ കോടിയേരി ആരോപിച്ചു.
‘മെഡിക്കല്‍ കോളേജ് കോഴയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ പ്രതിസന്ധിയിലായ ബിജെപി അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ ഗതിമാറ്റാനുള്ള ശ്രമത്തിലാണ്. കേന്ദ്ര നേതാക്കള്‍ക്ക് മുന്നില്‍ മുഖം രക്ഷിക്കാനാണ് ബിജെപിയുടെ ശ്രമം. ആക്രമണങ്ങളിലൂടെ സിപിഎമ്മിനെ തകര്‍ക്കാമെന്ന് കരുതേണ്ട.’ ബിജെപി ഓഫീസിന് നേരെയുണ്ടായ ആക്രമണം അപലപനീയമാണ്. സിപിഎം അക്രമത്തിന്റെ ഭാഗമാകാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടര്‍ച്ചയായ സിപിഎം ബിജെപി സംഘര്‍ഷങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ നഗരത്തിലെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. എകെജി സെന്ററിനും മറ്റ് പാര്‍ട്ടി ഓഫീസുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തി.
Discussion about this post