തൃശൂര്‍: ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടും അന്നദാനവും നടത്തി സിപിഎം മന്ത്രി കടംകപള്ളി സുരേന്ദ്രന്. രാവിലെ എത്തിയ മന്ത്രി ഒരു പകല്‍ മുഴുവന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. കസവുമുണ്ടും വേഷ്ടിയുമണിഞ്ഞ് ഗുരൂവായുരപ്പനെ തൊഴുതു അദ്ദേഹം കാണിക്കയിട്ടു. മേല്‍ശാന്തി മധുസൂദനന് നമ്പൂതിരിയില്‍നിന്ന് പ്രസാദവും സ്വീകരച്ചു. വീട്ടുകാരുടെ ഓരോരുത്തരുടെയും പേരില്‍ പുഷ്പാഞ്ജലിയാണ് മന്ത്രി നടത്തിയത്. ശേഷം മിച്ചംവന്ന പണം അന്നദാനത്തിനായി നല്കി.
ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പ്രസാദ ഊട്ടുപന്തലില്‍ മന്ത്രി ഭദ്രദീപം തെളിയിച്ചു. തുടര്‍ന്നായിരുന്നു ക്ഷേത്രദര്‍ശനം നടത്തിയത്. ഭാഗവത സപ്താഹം നടക്കുന്ന ആദ്ധ്യാത്മിക ഹാളും അദ്ദേഹം സന്ദര്‍ശിച്ചു. നാമജപം കേട്ട് അദ്ദേഹം ഹാളില്‍ കുറേ നേരം നിന്നു. ക്ഷേത്രമതിലിലെ ചുമര്‍ചിത്രങ്ങളുടെ നേത്രോന്മീലനം മന്ത്രി നിര്‍വഹിച്ചു. നെന്മിനി ക്ഷേത്ത്രത്തില്‍ നിന്നുള്ള കൃഷ്ണ ബലരാമന്മാരെ മന്ത്രി നിറപറ വച്ചു വരവേറ്റു. ഘോഷയാത്രയിലുണ്ടായിരുന്ന ഉണ്ണിക്കണ്ണന്മാരെ എടുത്തു ലാളിക്കാനും മന്ത്രി മറന്നില്ല.
തുടര്‍ന്ന് രണ്ടു മണിയോടെ പ്രസാദ ഊട്ടും മന്ത്രി കഴിച്ചു. ആദ്യമായാണ് ഒരു സിപിഎം മന്ത്രി ക്ഷേത്രത്തിലെത്തി വഴിപാട് കഴിക്കുന്നത്. സംഭവത്തെക്കുറിച്ച് അറിയില്ലെന്നും അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണല്‍ പ്രതികരിച്ചു.
Discussion about this post