കശ്മീര്‍: കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.കൊല്ലപ്പെട്ടവര്‍ ജെയ്ഷെ മുഹമദ് (ജെഇഎം) പ്രവര്‍ത്തകരാണെന്ന് ജെഇഎം വക്താവ് വ്യക്തമാക്കി. മാത്രമല്ല ഇതില്‍ ഒരാള്‍ ജെയ്ഷെ മുഹമദ്മേധാവി മസൂദ് അസറിന്റെ ബന്ധുവാണെണ് ജെഇഎം അറിയിച്ചു.
കൊല്ലപ്പെട്ട മൂന്ന് പേരില്‍ ജെഇഎം കമാന്‍ഡറായ മുഹമ്മദ് ഭായി, പുല്‍വാമ സ്വദേശിയായ വസിം എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാമനെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.
സുരക്ഷാ ഉദ്യോഗസ്ഥനായ ലാന്‍സ് നായിക് വ്രഹ്മപല് സിങാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. ഷൗക്കത്ത് അഹമദ് എന്ന നാട്ടുകാരനും വെടിവയ്പ്പില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
പുല്‍വാമയിലെ കാണ്ഡില്‍ അഖ്ലാര് ഗ്രാമത്തില്‍ ഭീകരരുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പോലീസും സിആര്‍പിഎഫും സൈന്യവും ചേര്‍ന്നു നടത്തിയ തിരച്ചിലാണ് വെടിവയ്പ്പില്‍ കലാശിച്ചത്.തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചതെന്ന് കശ്മീര്‍ ഐജി മുനീര്‍ ഖാന് അറിയിച്ചു. പുല്‍വാമ മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്.
കശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര പ്രതിനിധി ദിനേശ്വര്‍ ശര്‍മ ഇന്നലെ കശ്മീരില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരര്‍ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ചത്.ഞായറാഴ്ച പുല്‍വാമയില്‍ നടന്ന വെടിവയ്പ്പിന് പിന്നിലും കൊല്ലപ്പെട്ട ഭീകരര്‍ തന്നെയാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഈ ആക്രമണത്തില്‍ ഒരു സൈനികന് കൊല്ലപ്പെട്ടിരുന്നു.
Discussion about this post