തിരുവനന്തപുരം: നിപ വൈറസ് വ്യാപിക്കാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കലണ്ടർ തയ്യാറാക്കും. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്.
വൈറസ് വ്യാപനത്തിന് സാദ്ധ്യതയുള്ള മെയ് മുതൽ സെപ്തംബർവരെയുള്ള കാലയളവിലാകും പ്രതിരോധ പ്രവർത്തനങ്ങൾ. മൃഗസംരക്ഷണ വകുപ്പ്, വനംവകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുമായി സഹകരിച്ച് ആയിരിക്കും പ്രവർത്തനങ്ങൾ. കോഴിക്കോട്, വയനാട് ജില്ലകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിലാണ് നിപ്പ വൈറസിന്റെ സാന്നിദ്ധ്യം ഉള്ളതായി കണ്ടെത്തിയിട്ടുള്ളത്. പനി, തലവേദന, ശ്വാസം മുട്ടൽ, മസ്തിഷ്‌ക ജ്വരം എന്നിവയുമായി ആശുപത്രികളിൽ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കണം. കാരണം ഉറപ്പുവരുത്തുന്നതിന് മുൻപ് മരണം ഉണ്ടായാൽ റിപ്പോർട്ട് ചെയ്യണം. സ്വകാര്യ ആശുപത്രികളിൽ ഈ ലക്ഷണങ്ങളുമായി എത്തുന്നവരുടെ വിവരങ്ങൾ ആരോഗ്യവകുപ്പിന് കൈമാറണം.
വവ്വാലുകളിൽ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയ ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കരുത്, പക്ഷികൾ കടിച്ച പഴങ്ങൾ എന്നിവ കഴിക്കരുതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. വവ്വാലുകളെയോ അവയുടെ വിസർജ്യമോ സ്പർശിക്കുന്ന സാഹചര്യം ഉണ്ടായാൽ കൈകൾ സോപ്പിട്ട് കഴുകണം എന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post