കൊൽക്കത്ത : പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാർ പുതുതായി നൽകിയ ഒബിസി സംവരണ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതിയുടെ നടപടിയിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രീണന രാഷ്ട്രീയത്തിനും വോട്ട് ജിഹാദിനും സൗകര്യമൊരുക്കുന്നതിനായാണ് മമതാ ബാനർജിയുടെ തൃണമൂൽ സർക്കാർ യഥാർത്ഥ പിന്നോക്ക വിഭാഗക്കാരുടെ അവകാശങ്ങൾ കവർന്നെടുത്ത് മമതയ്ക്ക് താല്പര്യമുള്ള ആളുകൾക്ക് നൽകിയത് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇഡിയേയും സിബിഐയെയും നേരിട്ടത് പോലെ മമതയുടെ തൃണമൂൽ ജഡ്ജിമാർക്ക് നേരെയും ഗുണ്ടകളെ അഴിച്ചു വിടുമോ എന്നും മോദി ചോദ്യമുന്നയച്ചു.
2011ൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സർക്കാർ അധികാരം ഏറ്റതിനുശേഷം ബംഗാളിലെ നിരവധി സമുദായങ്ങൾക്ക് അനുവദിച്ച ഒബിസി പദവിയാണ് കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കിയത്. കോടതി വിധി പോലും ബിജെപിയുടെ ഗൂഢാലോചന ആണെന്ന് പറഞ്ഞുകൊണ്ട് ജുഡീഷ്യറിയെ തകർക്കാനുള്ള ശ്രമങ്ങൾ ആണ് ഇപ്പോൾ മമതാ ബാനർജി നടത്തുന്നത് എന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അവർക്ക് ജുഡീഷ്യറിയിലും ഭരണഘടനയിലും വിശ്വാസമില്ല. അവരുടെ വഞ്ചനകളും നുണകളും തുറന്നുകാട്ടുന്നവരെ ഏതു വിധേനയും നേരിടുക എന്നുള്ളതാണ് തൃണമൂലിന്റെ രീതി എന്നും മോദി കുറ്റപ്പെടുത്തി.
രാമകൃഷ്ണ മിഷനിലും ഭാരത് സേവാശ്രമ സംഘത്തിലും തൃണമൂൽ നടത്തിയ പ്രവർത്തനങ്ങൾ ആരും മറക്കുന്നതല്ല. ബംഗാളിലെ സാധുക്കളെയും സന്യാസിമാരെയും അധിക്ഷേപിക്കുന്ന നടപടികളാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനായി രാമകൃഷ്ണ മിഷനിലെയും ഇസ്കോണിലെയും ഭാരത് സേവാശ്രമത്തിലെയും നിരവധി സന്യാസിമാരെ മമതയും തുണമൂലും ചേർന്ന് അധിക്ഷേപിക്കുകയും വേട്ടയാടുകയും ആണ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post