തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ബി ചെയര്മാന് ബാലകൃഷ്ണപിള്ളയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീക്ഷണം പത്രം രംഗത്ത്. ബാര്‍കോഴ വിവാദത്തില്‍ മന്ത്രി മാണിക്കെതിരെ രംഗത്തെത്തിയതിനാണ് വീക്ഷണത്തിന്റെ വിമര്‍ശനം.’പിള്ള തുള്ളിയാല്‍ മുട്ടോളം’ എന്ന തലക്കെട്ടോടെയെഴുതിയിരിക്കുന്ന മുഖപ്രസംഗത്തിലാണ് ബാലകൃഷ്ണപിള്ളയെ രൂക്ഷമായി വിമര്‍ശിക്കുന്നത്.
ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവനും പൊറുക്കുന്ന പുരയ്ക്ക് തീ കൊളുത്തുന്നവനും വിശ്വസിക്കാന്‍ കൊള്ളാത്തവരാണ് എന്ന് പറഞ്ഞുകൊണ്ടാണ് വീക്ഷണം എഡിറ്റോറിയല്‍ ആരംഭിക്കുന്നത്.
സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തുവാന്‍ പിള്ള അച്ചാരം വാങ്ങിയിരിക്കുകയാണെന്ന് വീക്ഷണം പത്രം കുറ്റപ്പെടുത്തുന്നു. അഴിമതിക്കെതിരെയാണ് പിള്ളയുടെ പോരാട്ടമെങ്കില്‍ ആദ്യം സ്വന്തം കറ കഴുകി കളയട്ടെയെന്നും പത്രം പറയുന്നു. പിള്ള തുള്ളിയാല്‍ മുട്ടോളമെന്നും വീക്ഷണം പത്രം ബാലകൃഷ്ണപിള്ളയെ പരിഹസിക്കുന്നു. യുഡിഎഫിനോടുള്ള ജനങ്ങളുടെ എതിര്‍പ്പല്ല കൊട്ടാരക്കരയില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ച പിള്ളയും പിള്ളയുടെ ബിനാമി സ്ഥാനാര്‍ഥിയും പരാജപ്പെടുവാന് കാരണമെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. പിള്ള തുള്ളിയാല്‍ മുട്ടോളം; പിന്നെ ചട്ടിയില്‍ എന്ന് പറഞ്ഞാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.
Discussion about this post