കൊച്ചി; വാരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ചികിത്സാ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു.
വയറിലേറ്റ തുടര്‍ച്ചയായ മര്‍ദനമാണ് മരണത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തീര്‍ത്തും അവശനായിരുന്നു. രക്തസമ്മര്‍ദ്ദം താഴ്ന്ന് 80-60 ആയിരുന്നുവെന്നും പറയുന്നു.
അപ്പോള്‍ തന്നെ അവയവങ്ങളെല്ലാം ഏകദേശം പ്രവര്‍ത്തന രഹിതമായിരുന്നു. വയറിനുള്ളില്‍ ഉണ്ടായിരുന്ന മുറിവുകള്‍ പഴുത്ത് തുടങ്ങിയിരുന്നു. ഈ പഴുപ്പ് മറ്റ് അവയവങ്ങളിലേക്ക് പടരുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
റിപ്പോര്‍ട്ട് ഫോറന്‍സിക് വിദഗ്ദരെക്കൊണ്ട് പരിശോധിപ്പിച്ചു. നേരെ നിര്‍ത്തി വയറില്‍ തുടര്‍ച്ചയായി മര്‍ദിക്കുക, കിടത്തി വയറില്‍ ഇടിക്കുകയോ ചവിട്ടുകയോ ചെയ്യുക ഇങ്ങനെയാണ് ശ്രീജിത്തിന്റെ ശരീരത്തില്‍ പരിക്കുകള്‍ ഏറ്റതെന്ന് ഫോറന്‍സിക്ക് വിഭാഗം പറയുന്നു. ഒരാള്‍ ബലം പ്രയോഗിച്ച് പിടിച്ച് നിര്‍ത്തിയോ അല്ലെങ്കില്‍ ബന്ധിതനാക്കിയോ ആണ് അക്രമിച്ചിരിക്കുന്നതെന്നും ഫോറന്‍സിക് വിഭാഗം പറയുന്നു.
Discussion about this post