(നിലപാട്) ടി .സുധീര്‍
ഒരു വര്‍ഷം പിന്നിടുന്ന നരേന്ദ്രമോദി സര്‍ക്കാരില്‍ ഇന്ത്യന്‍ സമൂഹത്തിന് ഏറ്റവും മഹത്തായ സംഭാവന നല്കിയ മന്ത്രി ഏതെന്ന് ചോദിച്ചാല്‍ ഒട്ടും ആലോചിക്കാതെ പറയാവുന്ന പേരാണ് ജനറല്‍ വിജയകുമാര്‍ സിംഗ് എന്ന കേന്ദ്ര വിദേശകാര്യമന്ത്രി വി.കെ സിംഗിന്റേത്. യമനിലെ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ സ്വീകരിച്ച നടപടികള്‍ മാത്രമല്ല ഇദ്ദേഹത്തെ ഈ ബഹുമതിക്ക് അര്‍ഹനാക്കുന്നത്. അതിനേക്കാളൊക്കെ വലുതാണ് മാധ്യമങ്ങളെ പ്രതിനിധീകരിക്കുന്ന പ്രസ് (PRESS) എന്ന വാക്കും വേശ്യയുടെ ആംഗലേയമായ പ്രോസ്റ്റിറ്റിയൂട്ട് (PROSTITUTE) എന്ന പദവും സമന്വയിപ്പിച്ച് രാജ്യത്തെ മാധ്യമലോകത്തെ വിശേഷിപ്പിക്കാന്‍ ഇംഗ്ലീഷ് പദാവലിയ്ക്ക് അദ്ദേഹം നല്കിയ പ്രസ്റ്റിറ്റിയൂട്ട് (PRESSTITUTE) എന്ന പദം. ഈ ഒരൊറ്റ പ്രവൃത്തി കൊണ്ട് അദ്ദേഹം ജനകീയവികാരം മനസ്സിലാക്കി പ്രതികരിക്കുന്നതില്‍ ഒരുപക്ഷേ പ്രധാനമന്ത്രിയെക്കാള്‍ മുന്നിലാണെന്ന ധാരണ ജനങ്ങളില്‍ ഉളവാക്കുന്നു. കാലാകാലങ്ങളായി ഇന്ത്യയിലെ വലിയൊരു ശതമാനം ആളുകളുടെ മനസ്സിലും തിളച്ചു മറിഞ്ഞിരുന്ന രോഷവും പ്രതിഷേധവുമൊക്കെയാണ് ശ്രീ സിംഗിന്റെ ഈ പദനിര്മാണത്തിലൂടെ വാഗ്രൂപം പൂണ്ടു പുറത്തേയ്ക്ക് വന്നിരിക്കുന്നത്. രാജ്യത്തെ മാധ്യമരംഗത്തെ പുതിയ പ്രവണതകളെയും വിഷയ അവലോകന ശൈലിയെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും ഈ വിശേഷണം ഏറ്റവും അനുയോജ്യം എന്ന അഭിപ്രായമേ ഉണ്ടാകാന്‍ വഴിയുള്ളൂ.
നേപ്പാളിലെ ജനങ്ങള്‍ ഇനിയൊരു ദുരന്തം തങ്ങള്‍ക്കു തരരുതേ എന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നത് കൂടുതല്‍ കഷ്ടതകള്‍ നേരിടാനുള്ള ശേഷിയില്ലായ്മ കൊണ്ട് മാത്രമല്ല. ദുരന്തവാര്‍ത്ത അറിയുന്നതിന് മുന്‍പേ അയലത്തെ സുഹൃത്തായ ഇന്ത്യയില്‍ നിന്നും പറന്നിറങ്ങുന്ന മാധ്യമപ്രതിനിധികളെയാണ് ഇപ്പോള്‍ അവര്‍ ഭൂമികുലുക്കത്തെയും പട്ടിണിയെയും ദാരിദ്യത്തെയും പകര്ച്ചവ്യാധികളെയുംകാള് ഭയപ്പെടുന്നത്.
നിനച്ചിരിക്കാതെ വന്നെത്തിയ ദുരന്തത്തില്‍ ഒന്ന് പൊട്ടിക്കരയാന്‍ പോലുമാകാതെ തരിച്ചുനില്ക്കുകയാണ് നേപ്പാള്‍. സ്വന്തമായി ഉണ്ടായിരുന്നു എന്ന് പറയാവുന്ന എല്ലാം തന്നെ ഭൂമിയുടെ ഒരു ചലനം കൊണ്ട് നാമാവശേഷമായ രാജ്യവും ജനതയും. പക്ഷെ അതിനേക്കാള്‍ ഭീതിദമായിരുന്നു അവരെ സംബന്ധിച്ചിടത്തോളം രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഇന്ത്യന്‍ സൈനികര്‍ക്ക് അകമ്പടി സേവിച്ച ഇന്ത്യന്‍ മാധ്യമപ്പട. ഔചിത്യമില്ലായ്മ മുഖമുദ്രയാക്കിയ ചാനല്‍ പ്രവര്‍ത്തകര്‍ക്ക് അവിടെ കണ്മുന്നില് കണ്ടവരെല്ലാം വാര്‍ത്താ ഉത്പന്നങ്ങളായി മാറി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു ഞരക്കം കേട്ടാല്‍ കല്ലും മണ്ണും വകഞ്ഞു മാറ്റി കിട്ടുന്ന ചെറിയ ഒരു വഴിയിലൂടെ മൈക്കിന്റെ തണ്ട് അകത്തേയ്ക്ക് നീട്ടി ‘പറയൂ അവിടെ എന്തൊക്കെയാണ് വിശേഷങ്ങള്‍’ എന്ന് ചോദിക്കാന്‍ അറപ്പില്ലാത്ത ഹൃദയവും മരവിച്ച മനസ്സുമായി ഇന്ത്യയുടെ പേരില്‍ ഈ ചെന്നായ്ക്കൂട്ടങ്ങള്‍ അവിടെ മേഞ്ഞു നടന്നു. ആംബുലന്‍സുകളേക്കാള്‍ വേഗത്തിലും വാശിയിലും പാഞ്ഞ .ബി വാനുകള്‍ക്കുള്ളില്‍ ഇരുന്നുകൊണ്ട് അവര്‍ നേപ്പാളിന്റെ ചോര ചാലിച്ച് ഇന്ത്യയിലെ പ്രേക്ഷകര്‍ക്കായി എക്സ്ക്ലൂസീവ് കഥകളെഴുതി. എല്ലാം നഷ്ടപ്പെട്ടു വിങ്ങിക്കരഞ്ഞുകൊണ്ടിരുന്ന അമ്മമാരെ പിദിച്ചെഴുന്നെല്പ്പിച്ച് ‘ഇപ്പോള്‍ എന്തുതോന്നുന്നു?’ എന്ന് ചോദിച്ച് സ്കൂപ്പുകള് ചമച്ചു കൂട്ടി. ദുരിതത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താനും സുരക്ഷിതകേന്ദ്രങ്ങളില്‍ എത്തിക്കാനും നിയോഗിക്കപ്പെട്ട ഇന്ത്യന്‍ സേനയുടെ ഹെലികോപ്ടറുകളില്‍ ക്യാമറയും മൈക്കും സ്ക്രിബ്ലിംഗ് പാഡുമായി അറവുചോരയില് ഈച്ചകളെന്നപോലെ ഇവര്‍ പറ്റിക്കൂടി. നാട്ടിലെ ചാനല്ത്തറവാട്ടിലെ സി.ഇ.ഓ കാരണവരെ പ്രീതിപ്പെടുത്താന്‍ വേണ്ടി വേദനയില്‍ നീറുന്ന ഒരു സമൂഹത്തിന്റെ മനസ്സുനൊന്ത ശാപം ഏറ്റുവാങ്ങാന്‍ ഇവര്‍ രാവും പകലുമില്ലാതെ പണിയെടുത്തു.
വിദേശരാജ്യങ്ങളില്‍ അടിയന്തര സമയങ്ങളില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തി ഇന്ത്യന്‍ സേന ലോകസമൂഹത്തിനു മുന്നില്‍ തലയുയര്‍ത്തി നിന്നു തുടങ്ങുന്ന ഈ സമയത്ത് തന്നെയാണ് രാജ്യത്തിന്റെ മാനം കപ്പല്‍ കയറ്റുന്ന ഇത്തരം വേതാളങ്ങളെ അഴിച്ചുവിട്ടുകൊണ്ട് മാധ്യമമുതലാളിമാര്‍ രംഗത്തിറങ്ങിയിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. മത്സരം എന്ന വാക്കിനെ അങ്ങേയറ്റം വ്യഭിചരിച്ച് ശീലിച്ച ഈ വര്‍ഗം ഇപ്പോള്‍ നേപ്പാളില്‍ വാര്‍ത്താ ശേഖരണം എന്ന പേരില്‍ നടത്തിയത് രാജ്യത്തിനൊട്ടാകെതന്നെ അപമാനവും ദുഷ്പേരും ഉണ്ടാക്കുന്ന പ്രവൃത്തിയാണ്. ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന പെരുമയും കൊണ്ട്, എല്ലാം നഷ്ടപ്പെട്ടു വിലപിക്കുന്നവന്റെ വായ്ക്കുള്ളിലെയ്ക്ക് മൈക്ക് കുത്തിക്കയറ്റാനും അപകടത്തില്‍പ്പെട്ട് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നവന്റെശിരസ്സിലെ രക്തപ്രവാഹം ലൈവ് ആയി സംപ്രേഷണം ചെയ്യാനുമുള്ള അധികാരം ആരാണ് ഇവര്‍ക്ക് പതിച്ചുകൊടുത്തിട്ടുള്ളത്? ഇനിയും ലോകരാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യ നാണംകെടാതിരിക്കണം എങ്കില്‍ ഈ പ്രസ്റ്റിറ്റിയൂട്ടുകളെ മെരുക്കാനും നിലയ്ക്ക് നിറുത്തുവാനും ഉള്ള ശക്തമായ നടപടികള്‍ ഭരണകൂടം സ്വീകരിക്കേണ്ടതുണ്ട്. ‘ഗോ ഹോം ഇന്ത്യന്‍ മീഡിയ’ എന്ന ട്വിറ്ററിലെ ഹാഷ് ടാഗിന് രണ്ടു ദിവസം കൊണ്ട് കിട്ടിയ ഒന്നരലക്ഷം പിന്തുണ കണ്ടില്ല എന്ന് നടിച്ചാല്‍ ഇനിയും നാണംകെടാനും തലകുനിയ്ക്കാനും നമ്മള് നിന്നുകൊടുക്കേണ്ടി വരും എന്നുറപ്പ്.
Discussion about this post