മൂന്ന് ദിവസത്തേക്ക് കേരളത്തിലെത്തിയ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിന്റെ സുരക്ഷാരേഖകള്‍ ചോര്‍ന്നു. 208 പേജുള്ള സുരക്ഷാരേഖ വാട്സാപ്പ് വഴിയാണ് പ്രചരിക്കുന്നത്. ‘സീക്രട്ട്’ എന്നാണ് സുരക്ഷാരേഖയുടെ തലക്കെട്ട്. പോലീസ് തയ്യാറാക്കിയ ഈ സുരക്ഷാരേഖ പോലീസിന്റെ തന്നെ സമൂഹ മാധ്യമ ഗ്രൂപ്പുകളില്‍ നിന്നാണ് ചോര്‍ന്നതെന്ന് ആരോപണങ്ങള്‍ നിലനില്ക്കുന്നു.
പോലീസ് കമ്മീഷണര്‍ യതീഷ്ചന്ദ്ര ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ചുമതലകളും ഇതില്‍ വിവരിക്കുന്നുണ്ട്. രാഷ്ട്രപതിക്ക് എവിടെ നിന്നാണ് സുരക്ഷാ ഭീഷണിയുള്ളത്, ഓരോ സ്ഥലത്തും എത്ര പോലീസുകാര്‍ സുരക്ഷയ്ക്ക് ഉണ്ടാകും, ആരാണ് നേതൃത്വം നല്‍കുക, രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന്റെ ഘടന എന്നീ വിവരങ്ങളാണ് ചോര്‍ന്നത്.
മൂവായിരത്തോളം പേര്‍ക്ക് രേഖ ഔദ്യോഗികമായി കൈമാറിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. രേഖ പോലീസ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുന്നുണ്ട്.
സംഭവത്തിനെതിരെ ബി.ജെ.പി പരാതി നല്‍കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം സുരക്ഷാരേഖ ചോര്‍ന്നത് വലിയ തെറ്റാണെന്ന് മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞു. വിഷയത്തിന്റെ ഗൗരവം വര്‍ധിക്കുന്നത് ഇത് ആരുടെ കൈയ്യില്‍ ലഭിക്കുന്നു എന്നനുസരിച്ചാകും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പോലീസ് ഇത് വാട്സാപ്പിലൂടെ ഷെയര്‍ ചെയ്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post