ഒഡീഷയിലെ മല്‍കാന്‍ഗിരി ജില്ലയില്‍ ഒരു പോസ്റ്റുമാസ്റ്ററെ ഇടതുത്രീവ്രവാദികള് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി കമല്പാദ ഗ്രാമത്തില്‍ നിന്ന് ഇരുപതോളം ഭീകരര്‍ ചേര്‍ന്നാണ് നാരായണ്‍ പലഷി എന്ന നാല്പ്പത്തഞ്ചുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയത്. അടുത്തുള്ള പോസ്റ്റോഫീസിലെ പോസ്റ്റുമാസ്റ്റര്‍ ആയിരുന്നു അദ്ദേഹം.
രാത്രി പതിനൊന്ന് മണിയോടേ ഇദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് ഇരച്ചുകയറിയ ഭീകരര്‍ നാരായണ്‍ പലഷിയെ മര്‍ദ്ദിച്ച് അവശനാക്കി വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് ഉടനം തനെ സ്ഥലത്തെത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല.
ഗ്രാമത്തിന്റെ അതിര്‍ത്തിപ്രദേശത്തുനിന്ന് വ്യാഴാഴ്ച അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തു. ശരീരത്ത് വെടിയേറ്റ അനേകം മുറിവുകളുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ ശരീരത്തിനടുത്ത് നിന്ന് ഒഡിയ ഭാഷയില്‍ എഴുതിയ ഒരു കുറിപ്പും കണ്ടെടുത്തു. ”പോലീസിനു വിവരങ്ങള്‍ നല്‍കുന്നവനായതുകൊണ്ട് ഇയാളെ ഉന്മൂലനം ചെയ്യുന്നു, ഇനി ആരെങ്കിലും പോലീസിനു വിവരങ്ങള്‍ നല്കിയാല് ഇതുപോലെയായിരിയ്ക്കും ഗതി” എന്നായിരുന്നു ആ കുറിപ്പിലുണ്ടായിരുന്നത്. സിപിഐ(മാവോയിസ്റ്റ്) എന്ന സംഘടനയുടെ ലെറ്റര്‍പാഡിലായിരുന്നു ആ കുറിപ്പ് എഴുതിയിരുന്നത്.
മെയ് മാസത്തില്‍ ഭുവനേശ്വര്‍ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (ഒഡീഷ പോലീസിലെ മയക്കുമരുന്ന് നിയന്ത്രണ സേന) ഈ ഭാഗത്തുനിന്ന് ഒന്നരക്കോടി രൂപയുടെ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ജില്ലയിലെ വനങ്ങളില്‍ വന്‍ തോതില്‍ കഞ്ചാവ് കൃഷിചെയ്യുന്നതും അതിന്റെ വില്‍പ്പന നടത്തുന്നതും ഇടതുഭതീവ്രവാദികളാണ്. ഈ കഞ്ചാവുവേട്ട നടന്നതിനുള്ള പ്രതികാരമാണോ ഇതെന്ന് പോലിസ് സംശയിയ്ക്കുന്നു.
Discussion about this post