എറണാകുളം: ബീഫ് കറി വച്ചു നൽകാത്തതിൽ പ്രകോപിതനായി ഹൃദ്‌രോഗിയായ അമ്മയെ ക്രൂരമായി തല്ലച്ചതച്ച് യുവാവ്. എറണാകുളം നഗരത്തിൽ മാധവ ഫാർമസിക്ക് സമീപം അമൂല്യ സ്ട്രീറ്റ് ചെലിപ്പള്ളി വീട്ടിൽ ജൂണി കോശി (76)യാണ് മകന്റെ മർദ്ദനത്തിനിരയായത്. നെഞ്ചിനും കലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മകൻ എൽവിൻ കോശിയെ (47) എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. രണ്ട് മക്കൾക്കൊപ്പമാണ് ജൂണി കോശി കഴിയുന്നത്. സംഭവ ദിവസം മൂത്ത മകനും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. രാവിലെ മദ്യ ലഹരിയിൽ ബീഫുമായി വീട്ടിലെത്തിയ എൽവിൽ അപ്പോൾ തന്നെ അത് കറി വച്ചു നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, അപ്പോൾ കറി വച്ച് നൽകാനാവില്ലെന്ന് അമ്മ പറഞ്ഞതോടെ പ്രകോപിതനായ എൽവിൽ ജൂണിയെ തലക്കടിച്ചു വീഴ്ത്തിയ ശേഷം നെഞ്ചിൽ ചവിട്ടി. തുടർന്ന് ക്രൂരമായി മർദ്ദിച്ചു.
മകന്റെ മർദ്ദനത്തിൽ നിന്നും രക്ഷപ്പെടാൻ വീട്ടിൽ നിന്നും പുറത്തേക്കോടിയ ഇവർ സമീപത്തെ വനിതാ ഹോസ്റ്റലിൽ അഭയം തേടി. എന്നാൽ, ഇവിടേയ്ക്ക് പിന്തുടർന്നെത്തിയ എൽവിൻ ഹോസ്റ്റലിൽ വച്ചും ചപ്പാത്തിക്കോലുകൊണ്ട് മർദ്ദിക്കുകയായിരുന്നു. ഇത് കണ്ട ഹോസ്റ്റൽ ജീവനക്കാരാണ് ഇവരെ രക്ഷിച്ചത്. ഹോസ്റ്റൽ ജീവനക്കാർപകർത്തിയ ദൃശ്യങ്ങൾ മനുഷ്യാവകാശ പ്രവർത്തകരുടെ കയ്യിലെത്തിയതോടെയാണ് സംഭവം പോലീസ് അറിയുന്നത്. തുടർന്ന് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post