തിരുവനന്തപുരം: പ്രളയത്തിരകളെക്കാളും മേലെയായിരുന്നു സൈന്യത്തിന്റെ മനോവീര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രക്ഷാപ്രര്ത്തനത്തിനെത്തിയ സേനാവിഭാഗങ്ങളുടെ സേവനവും അവരോടുള്ള നന്ദിയും കേരളം മനസ്സില്‍ സൂക്ഷിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാദൗത്യത്തില്‍ പങ്കാളികളായ കേന്ദ്രസേനാ വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കിയ സ്വീകരണചടങ്ങ് ശംഖുമുഖം എയര്‍ഫോഴ്സ് സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സേന സമയോചിതമായി സഹായിച്ചില്ലായിരുന്നെങ്കില്‍ ദുരന്തം ഭയാനകമായേനെ. സേനാവിഭാഗങ്ങളെയും അവരുടെ കുടുംബങ്ങളെയും കേരളം നന്ദിയോടും ആദരവോടും സ്മരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപൂര്‍വമായ ആദരമാണു ലഭിച്ചിരിക്കുന്നതെന്ന് എല്ലാ സേനാവിഭാഗങ്ങള്‍ക്കും വേണ്ടി മറുപടി പ്രസംഗം നടത്തിയ വ്യോമസേന എയര്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് എയര്‍ മാര്‍ഷല്‍ ബി.സുരേഷ് പറഞ്ഞു. സേനകള്‍ക്കുപുറമേ, സന്നദ്ധപ്രവര്‍ത്തകരും മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെ എല്ലാവരുടെയും സഹകരണം തുണയായെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണ വ്യോമസേന എയര്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് എയര്‍ മാര്‍ഷല്‍ ബി.സുരേഷ്, ദക്ഷിണ നേവല്‍ കമാന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് റിയര്‍ അഡ്മിറല്‍ ആര്.ജെ.നഡ്കര്‍ണി, ഇന്ത്യന്‍ ആര്‍മി സ്റ്റേഷന് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സി.ജി.അരുണ്‍, എന്‍ഡിആര്‍എഫ് സീനിയര്‍ കമന്‍ഡാന്റ് രേഖ നമ്പ്യാര്‍, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡിഐജി സനാതന്‍ ജെന, സിആര്‍പിഎഫ് ഐജി ഗിരിപ്രസാദ്, ബിഎസ്എഫ് ഡിഐജി ബി.സി.നായര്‍, ഐടിബിഎഫ് കമന്‍ഡാന്റ് വിശാല്‍ ആനന്ദ്, ഡിഫന്‍സ് പിആര്‍ഒ ധന്യ സനല്‍, മറ്റു വിവിധ സേനാവിഭാഗങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ മുഖ്യമന്ത്രിയില്‍നിന്നു പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
Discussion about this post