എറണാകുളം: കുട്ടികളെ അദ്ധ്യാപകർ ശിക്ഷിക്കുന്നതിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി. നന്മയെ കരുതി അദ്ധ്യാപകർ വിദ്യാർത്ഥികളെ ശിക്ഷിക്കുന്നതിൽ തെറ്റില്ലെന്ന് കോടതി വ്യക്തമാക്കി. മാർക്ക് കുറഞ്ഞതിന് വിദ്യാർത്ഥിയെ ശിക്ഷിച്ച കോടനാട് സ്‌കൂളിലെ അദ്ധ്യാപകനെതിരെ നൽകിയ കേസ് റദ്ദാക്കിക്കൊണ്ട് ആയിരുന്നു കോടതിയുടെ പരാമർശം.
കുട്ടികളുടെ നന്മയ്ക്കായി അവരെ ശാസിക്കുന്നതും ശിക്ഷിക്കുന്നതും ക്രിമിനൽ കുറ്റമല്ല. മാർക്ക് കുറഞ്ഞതിനും അച്ചടക്കം പാലിക്കാത്തതിനും അദ്ധ്യാപകർ കുട്ടികളെ ശിക്ഷിച്ചാൽ അത് ബാലനീതി നിയമത്തിന്റെ ലംഘനം ആകില്ല. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അച്ചടക്കം പാലിക്കാൻ അദ്ധ്യാപകർ ബാദ്ധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി.
എന്നാൽ മനപ്പൂർവ്വം കുട്ടികളെ ശിക്ഷിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. പെട്ടെന്നുണ്ടാകുന്ന ദേഷ്യത്തിൽ കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിൽ ശിക്ഷിക്കരുത്. അത് അദ്ധ്യാപകന്റെ അവകാശമായി കാണാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
ഇത്തരം സംഭവങ്ങളിൽ സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ഗൗരവവും കണക്കിലെടുക്കണം. ഇതിന് ശേഷം മാത്രമേ ക്രിമിനൽ കുറ്റമാണോ അല്ലയോ എന്ന് വിലയിരുത്താൻ കഴിയുകയുള്ളൂ. മാർക്ക് കുറഞ്ഞതിന് ശിക്ഷ നൽകിയതിനെ ക്രിമിനൽ കുറ്റമായി കാണാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
Discussion about this post