ലണ്ടൻ : തിരഞ്ഞെടുപ്പിൽ വിജയം കൈവരിക്കാൻ ആയെങ്കിലും ബ്രിട്ടനിൽ ചില പ്രദേശങ്ങളിൽ ലേബർ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതായി റിപ്പോർട്ടുകൾ. മുസ്ലിം ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളിലാണ് ലേബർ പാർട്ടിക്ക് തിരിച്ചടി ഉണ്ടായിട്ടുള്ളത്. ജനസംഖ്യയുടെ 10 ശതമാന ത്തിലേറെയും മുസ്ലീങ്ങൾ ആയിട്ടുള്ള പ്രദേശങ്ങളിൽ ഗാസ അനുകൂലികളുടെ വോട്ടുകൾ നിർണായകമായി എന്നാണ് കണ്ടെത്തൽ.
കെയർ സ്റ്റാർമറുടെ ഗവൺമെൻ്റിൽ മന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ജോനാഥൻ ആഷ്‌വർത്തിന് 22000ത്തിലധികം ഭൂരിപക്ഷം ഉണ്ടായിരുന്ന ലെസ്റ്റർ സൗത്ത് സീറ്റ് നഷ്ടപ്പെട്ടു. ഗാസ അനുകൂല സ്ഥാനാർത്ഥികളിൽ ഒരാളായ ഷോക്കറ്റ് ആഡമിനോടാണ് ജോനാഥൻ ആഷ്‌വർത്ത് പരാജയപ്പെട്ടത്. മറ്റ് നിരവധി ലേബർ പാർട്ടി സ്ഥാനാർത്ഥികളും മുസ്ലിം ജനസംഖ്യ കൂടുതലുള്ള മണ്ഡലങ്ങളിൽ തോൽവിയുടെ അടുത്തെത്തി.
ലേബർ പാർട്ടി രാജ്യവ്യാപകമായി ഗണ്യമായ ഭൂരിപക്ഷം നേടിയിട്ടും10 ശതമാനത്തിലധികം മുസ്‌ലിം ജനസംഖ്യയുള്ള പ്രദേശങ്ങളിൽ പാർട്ടിയുടെ വോട്ട് ശരാശരി 11 പോയിൻ്റ് കുറഞ്ഞു. ലേബർ പാർട്ടിയിൽ നിന്നും പുറത്തുപോയ ജെറമി കോർബിൻ ഉൾപ്പെടെ ഗാസ അനുകൂല ടിക്കറ്റിൽ മത്സരിച്ച അഞ്ച് സ്വതന്ത്ര സ്ഥാനാർത്ഥികൾ വിജയം നേടുകയും ചെയ്തു. നേരത്തെ മുസ്ലിം അനുകൂല നിലപാടുകളുടെ പേരിൽ ശ്രദ്ധേയരായിരുന്ന ലേബർ പാർട്ടി പലസ്തീൻ യുദ്ധത്തിൽ ഹമാസിനെതിരായ നിലപാട് സ്വീകരിച്ചതോടെയാണ് മുസ്ലിം വിഭാഗത്തിന് അപ്രിയരായി മാറിയിരിക്കുന്നത്.
Discussion about this post